സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.
മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply