ലണ്ടന്‍: ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ഫലമായി യുകെ നേരിടാനിരിക്കുന്നത് കടുത്ത ഉഷ്ണ കാലാവസ്ഥ. ഈ മാസത്തെ ഏറ്റവും ചൂട് കൂടിയ ദിവസം തിങ്കളാഴ്ചയായിരിക്കുമെന്നാണ് പ്രവചനം. സമ്മിശ്രമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

സൗത്ത് ഇംഗ്‌ളണ്ടില്‍ ഇന്ന് ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. എങ്കിലു താപനില 25 ഡിഗ്രി വരെയാകാന്‍ ഇടയുണ്ട്. ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. വരണ്ടതും ആര്‍ദ്രവുമായ കാലാവസ്ഥയായിരിക്കും തെക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളത്. കാറ്റഗറി 2 ചുഴലിക്കാറ്റായിരുന്ന ഗെര്‍ട്ട് ഇപ്പോള്‍ ശക്തി കുറഞ്ഞ് അറ്റ്‌ലാന്റക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

തെക്കന്‍ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് ഇത് കാരണമാകും. തിങ്കളാഴ്ച ഗെര്‍ട്ട് എത്തുകയാണെങ്കില്‍ 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. എന്നാല്‍ സമ്മറിന് ഇതോടെ അവസാനമാകുമെന്നാണ് പ്രവചനം. നോര്‍ത്തില്‍ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ഉറപ്പു പറയാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.