സ്വന്തം ലേഖകൻ
ബ്രിട്ടൻ :- യുകെയിൽ ബ്രണ്ടൻ ചുഴലി കാറ്റ് ആഞ്ഞടിക്കുന്നു. ഇതിനെ തുടർന്ന് അതി ശക്തമായ മഴയും, മണിക്കൂറിൽ 80 മൈൽ വേഗത്തിൽ കാറ്റും വീശുന്നുണ്ട്. യുകെയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും, നോർത്തേൺ അയർലൻഡ്, നോർത്തീസ്റ്റ് സ്കോട്ട്‌ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ ആയിരത്തോളം ഭവനങ്ങളിൽ വൈദ്യുതി നഷ്ടം ആയിരിക്കുകയാണ്. റോഡുകളും മറ്റും അടച്ചിട്ടിരിക്കുകയാണ്. പടിഞ്ഞാറൻ അയലൻഡിലെ സ്കൂളുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയും, ബസ് സർവീസുകൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയുമാണ്. മരം കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെതുടർന്ന് വെയിൽസിൽ സ്കൂളുകൾ മറ്റും അടച്ചിട്ടിരിക്കുകയാണ്.
ബ്രണ്ടൻ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ 24 മണിക്കൂർ ആയി അതി ശക്തമായിത്തന്നെ നിലകൊള്ളുകയാണ്. അതിരൂക്ഷമായ ഈ കാലാവസ്ഥ വൈകുന്നേരം വരെ തുടരും എന്നാണ് ഇതുവരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ. യുകെയുടെ പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ മണിക്കൂറിൽ 65 മുതൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ ഇത് 90 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
നോർത്തേൺ അയർലൻഡിനെയാണ് കൊടുങ്കാറ്റ് ആദ്യം ബാധിച്ചത്. 5400 ഓളം ഭവനങ്ങളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ 3500 ഭവനങ്ങളിൽ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രെസ്റ്റൺ സ്റ്റേഷനിൽ നിന്നുള്ള നാല് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണതിനെ തുടർന്നായിരുന്നു ഇത്. സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
Leave a Reply