ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനിൽ അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ. തിങ്കളാഴ്ച രാത്രി ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ -9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് പുറത്തുവന്നിരുന്നത്. റൂറൽ സ്കോട്ട്ലൻണ്ടിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി റ്റുള്ളോക് ബ്രിഡ്ജിലും ദൽവ്ഹിന്നിയിലും – 8.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നോർത്തേൺ അയർലണ്ടിൽ – 5.1 ഡിഗ്രി സെൽഷ്യസു മാത്രമാണ് രേഖപ്പെടുത്തിയത്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് തിങ്കൾ മുതൽ ബുധൻ വരെ അതിശൈത്യത്തിന് ഉള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വാർദ്ധക്യത്തിൽ ഉള്ളവരും, ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർക്കും ആണ് ശൈത്യകാലത്ത് ഏറ്റവും കൂടുതൽ അപകട സാധ്യത ഉള്ളത്. അതിശൈത്യം മൂലം ഫ്ലൈറ്റുകളും മറ്റും ക്യാൻസൽ ചെയ്യാനും, ബസ് – ട്രെയിൻ സർവീസ് മുതലായവ മുടങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വടക്കൻ കാറ്റാണ് അതിശൈത്യം ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത് എന്നാണ് നിഗമനം. എന്നാൽ ഇത് അധിക ദിവസം നീണ്ടു നിൽക്കാൻ സാധ്യതയില്ല. നോർത്ത് സീ കോസ്റ്റിലും മറ്റും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ മറ്റു ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം പുറത്തു വന്നിട്ടുണ്ട്.
Leave a Reply