ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2026-ലെ പുതുവത്സരം യുകെ വരവേറ്റത് ഭംഗിയാർന്ന ആഘോഷങ്ങളോടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കരിമരുന്ന് പ്രകടനത്തോടെയുമാണ് . ലണ്ടനിലെ തേംസ് നദീതീരത്ത് നടന്ന വൻ ഫയർവർക്ക് ഷോ നഗരത്തിന്റെ ചരിത്രസൗന്ദര്യത്തെ പുതുവത്സരാഘോഷത്തിന്റെ പ്രകാശത്തിലാഴ്ത്തി. ബിഗ് ബെൻ മണിനാദത്തോടൊപ്പം ആരംഭിച്ച ആഘോഷം ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് പേർ ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ആസ്വദിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ കുടുംബങ്ങളും വിനോദസഞ്ചാരികളും വലിയ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട്‌ ലൻഡിലെ എഡിൻബറോയിൽ പുതുവത്സര ആഘോഷങ്ങൾ ഈ വർഷം ശക്തമായി തിരിച്ചെത്തി. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞവർഷം റദ്ദാക്കിയിരുന്നു . എന്നാൽ ഇത്തവണ പതിനായിരക്കണക്കിന് ആളുകൾ നഗരവീഥികളിലേക്കിറങ്ങി ആഘോഷങ്ങളിൽ പങ്കെടുത്തു . പരമ്പരാഗത സംഗീതം, നൃത്തം, തെരുവ് പരിപാടികൾ, ഫയർവർക്ക് ഷോകൾ എന്നിവ ചേർന്ന് നഗരമൊട്ടാകെ ഉത്സവാന്തരീക്ഷമായിതീർന്നിരുന്നു . പുതുവത്സര ആഘോഷങ്ങൾ സ്കോട്ട്‌ ലൻഡിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്നും, ഇതിന്റെ തിരിച്ചുവരവ് ടൂറിസത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവായി മാറുമെന്നും ആണ് വിലയിരുത്തപ്പെടുന്നത്.

യുകെയ്ക്ക് പുറമെ യൂറോപ്പിലെ പാരീസ്, ബെർലിൻ, ബാഴ്‌സലോണ തുടങ്ങിയ പ്രധാന നഗരങ്ങളിലും പുതുവത്സരം ആഘോഷപൂർവം വരവേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയർവർക്ക് പ്രദർശനങ്ങൾ, ഡ്രമ്മിംഗ്, മണിമുഴക്കൽ, പൊതുപരിപാടികൾ എന്നിവ പുതുവത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നടന്ന വിസ്മയിപ്പിക്കുന്ന ലൈറ്റ്-ഫയർവർക്ക് ഷോ ആഗോള ശ്രദ്ധ നേടി. ഇതിനിടയിൽ, സൗത്ത് അമേരിക്കയും നോർത്ത് അമേരിക്കയും പുതുവത്സരം വരവേൽക്കാനുള്ള അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്. ലോകം മുഴുവൻ 2026 നെ പ്രതീക്ഷകളും പുതുആരംഭങ്ങളുമായി സ്വാഗതം ചെയ്യുകയാണ്.