യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. അൻപത് വയസ്സിന് മുകളിലുള്ളവരെയാണ് ബൂസ്റ്റർ ജാബ് നൽകുന്നതിന് പരിഗണിക്കുക. അതേസമയം ചില ക്രമീകരണങ്ങൾക്കായി വാക്സിൻ പാസ്പോർട്ടുകൾ പോലുള്ള കരുതൽ നടപടികളും കൈക്കൊള്ളും.
“പ്ലാൻ എ” രൂപകൽപ്പന ചെയ്തിരിക്കുന്നത് എൻഎച്ച്എസിന് മേലുള്ള ജോലിഭാരം അമിതമാകുന്നത് തടയാനും പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും പ്രോത്സാഹിപ്പിക്കാനുമാണ്. എൻഎച്ച്എസ് താങ്ങാവുന്നതിൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാൽ മാസ്കുകളും വർക്ക് ഫ്രം ഹോമും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്ലാൻ ബിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ച ശരത്കാല -ശീതകാല പദ്ധതിയുടെ പ്ലാൻ എ പ്രകാരം, വാക്സിൻഎടുക്കാത്തവരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ പ്രോത്സാഹിപ്പിക്കുക. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ബൂസ്റ്റർ ജബ് പ്രോഗ്രാം ആരംഭിക്കുക, തുടർച്ചയായ പരിശോധന, കേസുകൾ കണ്ടെത്തൽ, പോസിറ്റീവ് ആകുന്നന്നവർക്ക് സ്വയം ഒറ്റപ്പെടൽ എന്നിവ ഉൾപ്പെടും. ഉപഭോക്താക്കളുടെ വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റ് നില പരിശോധിക്കാൻ എൻഎച്ച്എസ് കോവിഡ് പാസ്പോർട്ട് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാനും ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കും.
എന്നാൽ വ്യാപനം രൂക്ഷമാകുകയും എൻഎച്ച്എസിൻ്റെ പ്രവർത്തനം അവതാളത്തിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധിത വാക്സിൻ പാസ്പോർട്ടുകൾ ബഹുജന പരിപാടികൾക്കും മറ്റ് ക്രമീകരണങ്ങൾക്കും ഉപയോഗിക്കും. ചില സ്ഥലങ്ങളിൽ മുഖാവരണം നിയമപരമായി നിർബന്ധമാക്കും. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പദ്ധതി പ്രകാരം നൽകും.
ഡോണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത ബോറിസ് ജോൺസൺ, പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി യൂറോപ്പിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായി യുകെക്ക് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏത് സാഹചര്യത്തിലാണ് പ്ലാൻ എയിൽ നിന്ന് കർശനമായ പ്ലാൻ ബിയിലേക്ക് നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അപകടസാധ്യതകളും രോഗാവസ്ഥയും ആശുപത്രി സമ്മർദ്ദം പോലുള്ള ഘടകങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രോഗം നിയന്ത്രിക്കാൻ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ജനസംഖ്യയിൽ പലർക്കും ഒരു പരിധിവരെ പ്രതിരോധശേഷി ഉള്ളതിനാൽ, ജനങ്ങളോട് കരുതലോടെ പെരുമാറാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ചെറിയ മാറ്റങ്ങൾ രോഗം നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ കാലത്തെ ലോക്ക്ഡൗണുകളിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്ന ആത്മവിശ്വാസം ഇത് നൽകുമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
Leave a Reply