ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.
Leave a Reply