ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി യു കെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പബ്ബുകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായം എന്നിവയിലുള്ള വ്യാപാരത്തിലെ ഉയർച്ചയാണ് മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി യുകെ സമ്പദ്‌വ്യവസ്ഥ വളരുന്നതിന് പിന്നിൽ പ്രവർത്തിച്ചത് . കഴിഞ്ഞ രണ്ടു മാസങ്ങളിലായി സമ്പദ് വ്യവസ്ഥയുടെ വളർച്ച ചുരുങ്ങിയതായുള്ള റിപ്പോർട്ടുകൾ രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ കുറിച്ച് കടുത്ത ആശങ്കകൾക്ക് കാരണമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജീവിത നിലവാരം ഉയർത്തുന്നതിനായി സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. കൂടുതൽ നിക്ഷേപം സൃഷ്ടിക്കുക , അനാവശ്യ പൊതു ചിലവുകൾ ഇല്ലാതാക്കുക , പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയ്‌ക്കായി നിരന്തരമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ചാൻസിലർ പറഞ്ഞു. എന്നിരുന്നാലും തൊഴിലുടമകൾ അടയ്ക്കുന്ന നാഷണൽ ഇൻഷുറൻസിലെ വർദ്ധനവും ഏപ്രിൽ മാസം മുതൽ മിനിമം വേതനത്തിൽ 6.7 ശതമാനം ഉയരുന്നതും സമ്പദ് വ്യവസ്ഥകൾക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്ക സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ശക്തമായുണ്ട്.


അധികാരമേറ്റെടുത്ത് 6 മാസങ്ങൾക്ക് ശേഷം ജനപ്രീതിയിൽ വൻ ഇടിവാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ വളർച്ച മുന്നോട്ടാണെന്ന റിപ്പോർട്ട് സർക്കാരിന് പ്രത്യേകിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് ആശ്വാസം പകരുന്ന വാർത്തയാണ്. ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരുന്നത്. ഇതിനെ തുടർന്ന് ചാൻസിലറിൻ്റെ രാജിക്കായുള്ള മുറവിളികൾ ഉയർന്നിരുന്നു. പണപ്പെരുപ്പം അപ്രതീക്ഷിതമായി 2.5 ശതമാനമായി കുറഞ്ഞ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . നേരത്തെ 2.6 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് 0.1 ശതമാനം കുറഞ്ഞത്. പ്രതീക്ഷിച്ചതിലും മികച്ച പണപ്പെരുപ്പ നിരക്കുകൾ പുറത്തു വന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.