അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ കൊറോണ വൈറസിൻെറ മൂന്നാം തരംഗം തുടങ്ങിയതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ഇന്ത്യൻ വേരിയന്റിൻെറ സാന്നിധ്യം പുതിയ കേസുകളുടെ എണ്ണത്തിന് ആക്കം കൂട്ടുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പ്രൊഫ. രവി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 21 ഓടുകൂടി അവസാനിക്കുന്ന യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ നീട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവുകൾ വരുത്തുന്നത് ഇനിയും താമസിപ്പിക്കാൻ സാധിക്കില്ല എന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു. തുടർച്ചയായ അഞ്ചാം ദിനവും യുകെയിൽ മൂവായിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ മൂന്നിലൊന്നും ഇന്ത്യൻ വേരിയന്റുകളുടേതാണ്. ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും എന്നാൽ ഇത് മൂന്നാം തരംഗത്തിൻെറ ആരംഭമാണെന്നും തുടക്കത്തിൽ കേസുകളുടെ എണ്ണം കുറയുകയും പിന്നീട് വൻവർധനവുണ്ടാകുമെന്നും പ്രൊഫസർ ഗുപ് ത ഓർമ്മപ്പെടുത്തി. എന്നാൽ യുകെയിൽ പ്രതിരോധകുത്തിവെയ്പ്പുകൾ ആളുകൾ സ്വീകരിച്ചതിനാൽ മൂന്നാം തരംഗം ഉടനെ ശക്തമാകില്ലെന്നും കുറച്ചുകാലത്തേക്ക് ആളുകൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ നടത്തേണ്ട ലോക് ഡൗൺ ഇളവുകൾ കുറച്ചുനാളത്തേക്ക് നീട്ടിവയ്ക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവൺമെൻറിൻറെ മുതിർന്ന ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ആദം ഫിന്നും ലോക്ക്ഡൗൺ ഇളവുകൾ വൈകിക്കുന്നതിനെ പിന്തുണച്ചു. ഈയൊരവസ്ഥയിൽ ആളുകൾ സാഹചര്യത്തിൻെറ ഗൗരവം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുകെയിലെ വിവിധ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും വ്യത്യസ്തമാണ്. സ്കോട്ടിഷ് ഗവൺമെൻറ് നിയന്ത്രണങ്ങൾ ജൂൺ ഏഴിന് പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വെയിൽസിൽ ജൂൺ മൂന്നോടെ നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമോ എന്ന് ജൂൺ 14 ഓടുകൂടി അറിയാൻ സാധിക്കും. ഇനിയും ലോക് ഡൗൺ നീട്ടിയാൽ അത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക പരക്കെയുണ്ട്.