യുകെകെസിഎ ഇലക്ഷന്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി; ആരാവും പുതിയ സാരഥികള്‍ എന്നറിയാനുള്ള ആകാംക്ഷയില്‍ സമുദായാംഗങ്ങള്‍

യുകെകെസിഎ ഇലക്ഷന്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി; ആരാവും പുതിയ സാരഥികള്‍ എന്നറിയാനുള്ള ആകാംക്ഷയില്‍ സമുദായാംഗങ്ങള്‍
January 27 10:00 2018 Print This Article

സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്

ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ നട്ടുനനച്ച് വളര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് വലിയ വടവൃക്ഷമായ ക്‌നാനായ സമുദായത്തിന്റെ യൂറോപ്പിലെ ഏറ്റവും വലിയ സംഘടന യുകെകെസിഎ തങ്ങളുടെ 2018-19 കാലഘട്ടത്തിലെ സാരഥികളെ ഇന്ന് തെരഞ്ഞെടുക്കുന്നു. യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ കാരണമായവരെല്ലാം നന്മവരുത്തി ആലാഹനായനും അന്‍പന്‍ മിശിഹായും കൂടെ തുണയാകും എന്ന പാരമ്പര്യ പ്രാര്‍ത്ഥനാ വിശ്വാസത്തോടെ രാവിലെ തന്നെ 51 യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികള്‍ തങ്ങളുടെ സാരഥികളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളും ക്‌നാനായക്കാരുടെ യുകെകെസിഎ ആദ്ധ്യാത്മിക ഗുരുവുമായ ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുര അച്ചന്‍ നേതൃത്വം കൊടുക്കും.

സമുദായം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ അമരം വഹിക്കാന്‍ മൂന്ന് വ്യക്തികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജിമ്മി ചെറിയാന്‍ (ബാസില്‍ഡണ്‍ ആന്‍ഡ് സൗത്തെന്‍ഡ് യൂണിറ്റ്), ജോണ്‍ കുന്നുംപുറത്ത് (ചെസ്റ്റര്‍ ആന്‍ഡ് ലിറ്റില്‍ ഹാമില്‍ട്ടണ്‍ യൂണിറ്റ്), തോമസ് ജോസഫ് (ബ്രിസ്റ്റോള്‍ യൂണിറ്റ്) എന്നിവരാണ് പ്രസിഡന്റ് പദം ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് വ്യക്തിത്വങ്ങളും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ബ്രിസ്റ്റോള്‍ യൂണിറ്റിന്റെ സജീവ സാന്നിധ്യമായി നീണ്ടകാല അനുഭവ സമ്പത്തുമായി ജിമ്മി ചെറിയാനും മുമ്പ് യുകെകെസിഎ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച അനുഭവസമ്പത്തുമായി ജോണി കുന്നുമ്പുറവും സഭാ സാമുദായിക അറിവിന്റെ കരുത്തുമായി ജിമ്മി ചെറിയാനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്നു.

ഗ്ലോസ്റ്റര്‍ യൂണിറ്റില്‍ നിന്നും യുകെകെസിഎയുടെ പല മീറ്റിംഗുകളിലും സജീവസാന്നിധ്യമായിരുന്ന ബോബന്‍ ജോസ്, ലിവര്‍പൂള്‍ യൂണിറ്റില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ കോഓര്‍ഡിനേറ്ററായും യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

മറ്റ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബര്‍മിംഗ്ഹാം യൂണിറ്റിനെ പ്രതിനിധീകരിച്ച് ബെന്നി കുര്യന്‍ മത്സരിക്കുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയാണ് ബെന്നി കുര്യന്‍.

കവന്‍ട്രി വാര്‍വിക്ക്ഷയര്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് ബിപിന്‍ ലൂക്കോസ് പണ്ടാരശേരിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്യമിടുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂരാണ് ബിപിന്റെ സ്വദേശം.

ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്കും ഇത്തവണ രണ്ട് പേര്‍ രംഗത്തുണ്ട്. നോട്ടിംഗ്ഹാം യൂണിറ്റില്‍ നിന്നും യുകെകെസിഎയുടെ ശബ്ദമാകാന്‍ ജെറി ജെയിംസും മെഡ്‌വേ യൂണിറ്റില്‍ നിന്നും ടോമി ഉതുപ്പാനും നേര്‍ക്ക്‌നേര്‍ പോരാടുന്നു. ജെറി കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗവും ടോമി കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ഇടവകാംഗവുമാണ്.

ലെസ്റ്ററിലെ വിജി ജോസഫ്, ഡെര്‍ബി യൂണിറ്റിലെ സണ്ണി ജോസഫ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിജി ട്രഷറര്‍ സ്ഥാനത്തേക്കും സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പട്ടിക 27-ാം തിയതിയോടു കൂടിയേ പുറത്തുവരികയുള്ളു.

കട്ടച്ചിറയില്‍ നിന്നും യുകെയിലെത്തി സാമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജി യുകെകെസിഎയുടെ 2018-19 കാലഘട്ടത്തില്‍ സംഘടനയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുമ്പോള്‍ ബ്രഹ്മമംഗലത്ത് നിന്നും ലഭിച്ച അറിവും അനുഭവസമ്പത്തും കൈമുതലാക്കി സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുവരുന്നു. ലെസ്റ്റര്‍, ഡെര്‍ബി യൂണിറ്റുകള്‍ക്ക് ഇത് അഭിമാന നിമിഷം. അവരുടെ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയുടെ തലപ്പത്ത് എത്തിയവര്‍ക്ക് ഇനി വരുന്ന രണ്ട് വര്‍ഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. സമുദായം ആത്മാവില്‍ അഗ്നിയായി കാത്തുസൂക്ഷിക്കുന്ന ജനതയെ സുതാര്യതയോടെ മുന്നോട്ട് നയിച്ച് ക്‌നാനായ മിഷനുകള്‍ ശക്തമാക്കുന്ന എന്ന വെല്ലുവിളിയാണ് ആദ്യമായി നേരിടേണ്ടത്. പാരമ്പര്യവും വിശ്വാസവും തനിമയും നിലനിര്‍ത്തി സമുദായത്തോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനരീതികള്‍ക്ക് ആലാഹനായനും അന്‍പന്‍ മിശിഹായും ഇവര്‍ക്ക് തുണയാകും എന്ന പ്രാര്‍ത്ഥനയോടെ സമുദായ വിശ്വാസ സമൂഹം നോക്കിക്കാണുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles