WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.  ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽവച്ച് ഈ ശനിയാഴ്ചയാണ് ദേശീയ കായികമേള അരങ്ങേറുന്നത്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ മുൻകൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണൽ കായികമേളകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
ജൂൺ ഒന്ന് ശനിയാഴ്ച നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. ഈ വർഷം റീജിയണൽ തല മത്സരങ്ങളിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്തു ദേശീയ മേളയിലേക്ക് കൂടുതൽ മത്സരാർത്ഥികൾ എത്തിച്ചേരുമെന്ന് വിലയിരുത്തപ്പെടുന്നു.
സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനുള്ള രൂപരേഖ ദേശീയ കമ്മറ്റി തയ്യാറാക്കിക്കഴിഞ്ഞു. അതനുസരിച്ച് ഈ വർഷം വടംവലി മത്സരങ്ങൾ ദേശീയ കായികമേളയുടെ ഭാഗമായി  ഉണ്ടായിരിക്കില്ലെന്ന്  സംഘാടക സമിതി അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ ദേശീയ കമ്മറ്റി പരിഗണിക്കുന്നുണ്ട്.
ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ കായികമേള വൻവിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. മേഖലാ തലത്തിൽ കായികമേളകൾ സംഘടിപ്പിക്കുവാൻ കഴിയാതെ വന്ന റീജിയനുകളിലെ കായിക പ്രതിഭകൾക്കും, നിബന്ധനകൾക്ക് അനുസൃതമായി ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിർവാഹക സമിതി അറിയിച്ചു. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം : Wyndley Leisure Centre, Clifton Road, Sutton Coldfield, West Midlands – B73 6EB