ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനു തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച പന്നിയാർ കുട്ടി ഇടയോട്ടിൽ ബോസിന്റെയും ഭാര്യ റീനയുടെയും മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് . ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മൊത്തം ഒലിച്ചു പോയിരുന്നു. എന്നാൽ ഈ തവണ വിധിക്ക് കീഴടങ്ങേണ്ടിവന്നു.
മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒളിംപ്യന്‍ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന .
ഇന്നലെ രാത്രിയാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചത്. ബോസിനെയും റീനയും കൂടാതെ പന്നിയാർകുടി തട്ടപ്പിള്ളിൽ അബ്രഹാമും (50) അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.
ആനിയുടെയും ജോമിയുടെയും തീരാ ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
Leave a Reply