യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.
റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റില്‍ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.
അതേസമയം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിര്‍ത്തികടത്താനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തരുതെന്നും കിഴക്കന്‍ മേഖലകളില്‍ അടക്കമുള്ളവര്‍ അവിടെ തന്നെ തുടരാനും എംബസി അധികൃതര്‍ അറിയിച്ചു.
അതേസമയം, യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
	
		

      
      



              
              
              




            
Leave a Reply