ഷെറിൻ പി യോഹന്നാൻ

പ്രശസ്ത ഫ്രഞ്ച് ചിന്തകയും ഫെമിനിസ്റ്റുമായ സിമൻ ദ് ബുവ്വെക്കുറിച്ചും നോവലിസ്റ്റ് വയലറ്റ് ലഡക്കിനെക്കുറിച്ചും കേട്ടിട്ടുണ്ടോ? മാംസ നിബദ്ധമല്ലാത്ത ലെസ്ബിയൻ പ്രണയത്തെക്കുറിച്ച് അറിഞ്ഞവരുണ്ടോ? കത്തുകളിലൂടെയാണ് അവർ പ്രണയം പങ്കുവച്ചത്. ശരീരങ്ങൾ തമ്മിലടുക്കാതെ പരസ്പരം സ്നേഹിച്ചവരാണവർ, വിശ്വസിച്ചവരാണവർ, ബഹുമാനിച്ചവരാണവർ. എന്നാൽ നമ്മുടെ കഥയിലെ പ്രണയം മനസ്സിന്റെയും ശരീരത്തിന്റെയും ദാഹത്തെ ശമിപ്പിച്ച് ആത്മാവിലേക്ക് പരന്നൊഴുകുന്നതായിരുന്നു. കിരണിന്റെയും ലൈലയുടെയും കഥ. സമൂഹം വിലക്കുകല്പിച്ച പ്രണയത്തിന്റെ കഥ.

ലിജി പുല്ലെപ്പള്ളി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘സഞ്ചാരം.’ തറവാടിന്റെ മഹത്തായ പാരമ്പര്യം നിലനിർത്താൻ പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് താമസം മാറുന്ന കുടുംബത്തിലെ ഏകമകളാണ് കിരൺ. ആ ഗ്രാമത്തിലെത്തിയ കിരണിന് ഒരു സുഹൃത്തിനെ ലഭിച്ചു – ലൈല. കൂട്ടുകാരനായ രാജനെ ഇടിച്ചിട്ട് ലൈലയെ ചേർത്തുപിടിച്ചു നടന്നുനീങ്ങുന്ന കിരണിൽ നിന്നുതുടങ്ങുന്ന കഥ അവരുടെ യൗവനാവസ്ഥയിലേക്ക് എത്തുന്നു.

ഇരുവരുടെയും ഹൈസ്കൂൾ പഠനകാലം. സ്വർണമണിയാൻ തീരെ താല്പര്യം ഇല്ലാത്ത കിരണിന് ലൈല മുള്ളുകൊണ്ട് കാതുകുത്തി കൊടുക്കുന്നു. മുറിവിൽ നിന്ന് ചോര പൊടിയുന്നുണ്ടെങ്കിലും ആ ദ്വാരത്തിൽ ലൈല കമ്മലണിയുന്നു. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, കവിതകളെഴുതാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കിരൺ. എന്നാൽ ലൈലയോ, പുസ്തകങ്ങളെ തീരെ ഇഷ്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ടപ്പെടുന്ന ഒരാൾ. ലൈലയോടുള്ള പ്രണയം കിരണിനുള്ളിലാണ് ആദ്യം മൊട്ടിട്ടുതുടങ്ങുന്നത്, മഴയുള്ള ഒരു രാത്രിയിൽ. പത്മരാജൻ ചിത്രങ്ങളിലെ മഴയാണ് ഇവിടെയും എന്ന് തോന്നിപോയി. അത്ര സുന്ദരമാണ് ആ മഴയും രംഗങ്ങളും. മഴയുടെ താളത്തിനൊപ്പം മാനുഷിക വികാരങ്ങളും താളം ചവിട്ടുന്നു. ആ പ്രണയം മനസിനുള്ളിൽ തന്നെ അടച്ചിടാൻ അവൾക്ക് സാധിക്കാതെവരുന്നു.

അതേസമയം ലൈലയോട് പ്രണയം തോന്നുന്ന രാജന് കത്തുകൾ എഴുതി നൽകുന്നത് കിരണാണ്. തന്റേതെന്നുചൊല്ലി രാജൻ കൈമാറുന്ന കത്തുകളിളൊക്കെ കിരണിന്റെ പ്രണയമാണ് നിറഞ്ഞുനിന്നിരുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം ലൈല പകച്ചുപോകുന്നെങ്കിലും നിസ്വാർത്ഥ പ്രണയത്തിനു മുന്നിൽ ലിംഗവ്യത്യാസത്തിന്റെ മതിലുകൾ തകരുന്നു. കുളക്കടവിൽ വച്ച് അവർ ഒന്നാകുന്നു. മനസിന്റെ ദാഹം ശരീരത്തിലേക്ക് പടർന്നൊഴുകുമ്പോൾ അവർ പരസ്പരം ചുംബിക്കുന്നു. സുഖാനുഭവത്താൽ വെള്ളത്തിലേക്ക് വഴുതിവീണ ലൈലയുടെ കാലുകളിൽ മീൻകുഞ്ഞുങ്ങൾ ചുംബനമേകുന്നു.
ലൈലയും കിരണനും പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങുന്നതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കികാണുന്നുവെന്നതും അതിനെ ഇരുവരും എപ്രകാരം നേരിടുന്നു എന്നതുമാണ് സിനിമ പറയുന്നത്.

കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉൾവലിഞ്ഞ് തന്റെ പ്രണയത്തെ ബലി കഴിക്കാൻ ലൈല തയ്യാറാവുമ്പോൾ കിരൺ അവിടെ സ്വന്തന്ത്രമായി ചിന്തിക്കുന്നു. കുടുംബവും സമൂഹവും നിർമിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങികഴിയാൻ വിധിക്കപ്പെട്ടവളല്ല താനെന്ന തിരിച്ചറിവിൽ അവൾ വീടുവിട്ടിറങ്ങുന്നു. പള്ളിയിൽ വച്ച് ‘ഭർത്താവിന് വിധേയയായി കഴിയാൻ സമ്മതമാണോ’ എന്ന ചോദ്യം ലൈല നേരിടുമ്പോൾ കിരൺ തന്റെ ജീവൻ ബലികൊടുക്കാൻ തയ്യാറെടുത്തു നില്ക്കുകയാണ്. എന്നാൽ മരണം കൊണ്ട് പ്രണയത്തിന് അർത്ഥമേകാൻ അവൾ ഒരുങ്ങുന്നില്ല. ഒടുവിൽ ഒരു പ്യൂപയിൽ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ടത്തിനെതിരായി നീട്ടി വളർത്തി കെട്ടിയിട്ട മുടി മുറിച്ചു മാറ്റി കിരൺ സ്വതന്ത്രയായി ഉയിർത്തെഴുന്നേല്‍ക്കുന്നു.

സ്ത്രീമനസ്സിലെ ചിന്തകൾ ശക്തമായി സ്‌ക്രീനിൽ നിറയ്ക്കുന്ന സംവിധായകയുടെ ധീരമായ ശ്രമമാണ് ഈ ചിത്രം. ഒരു മലയാളി പെൺകുട്ടി തനിക്കയച്ച കത്താണ് ഈ സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായക പറഞ്ഞിട്ടുണ്ട്. ആ സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ആത്മഹത്യയിലാണ് കലാശിച്ചിരുന്നത്. സിംബോളിക് എലമെന്റുകളെ കഥയിലേക്ക് കൂട്ടിയിണക്കി ശക്തമായ തിരക്കഥയുടെ പിൻബലത്തോടെയാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. പ്രകടനങ്ങളിൽ സുഹാസിനിയും ശ്രുതിയും മികച്ചുനിൽക്കുമ്പോൾ കെപിഎസി ലളിതയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സംഭാഷണങ്ങളിലൂടെ അല്ലാതെ മുഖഭാവത്തിലൂടെ ഇരുവരിലും നിറയുന്ന പ്രണയമാണ് പ്രേക്ഷകൻ അനുഭവിക്കുന്നതും. എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണം മികച്ചുനിൽക്കുന്നു. ക്ലൈമാക്സിലെ ക്ലോസ്-അപ്പ് ഷോട്ടുകളൊക്കെ സിനിമയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

സ്വവർഗാനുരാഗം പ്രമേയമായി മലയാളത്തിൽ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. എന്നാൽ അതുമാത്രമല്ല ചിത്രം പറഞ്ഞുവയ്ക്കുന്നത്. പ്രണയത്തിൽ വിലങ്ങുതടിയാവുന്ന മതത്തെയും ചിത്രം തുറന്ന് വിമർശിക്കുന്നു. കഥാകാരി തന്റെ അഭിപ്രായം പ്രേക്ഷകനിൽ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്.ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം സിനിമയിലുടനീളം നിറഞ്ഞൊഴുകുന്നുണ്ട്. കഥാപാത്രത്തിന്റെ മാനസികാവസ്ഥകളെ സ്‌ക്രീനിൽ എത്തിക്കുന്നത് മനോഹരമായ പശ്ചാത്തലസംഗീതമാണ്. 2004-ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സം‌വിധായകയ്ക്കുള്ള പ്രത്യേക ജൂറി പരാമർശം ലിജി പുല്ലെപ്പള്ളിക്കും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം ഐസക് തോമസിനും ഈ ചിത്രത്തിന്റെ പേരിൽ ലഭിച്ചിരുന്നു. ചില കഥാപാത്രങ്ങളുടെ മോശം പ്രകടനം ഒഴിവാക്കിയാൽ മനോഹരമായ ചലച്ചിത്രമാണ് സഞ്ചാരം. ചിത്രത്തിലെ അദ്ധ്യാപികയും കിരണിന്റെ അച്ഛനും ഇന്നത്തെ സമൂഹത്തിന്റെയും പ്രതിനിധികളാണ്. ക്ലാസ്സ്‌മുറികളിൽ പുരോഗമനം പറഞ്ഞു മനസ്സിൽ സദാചാരം കാത്തുസൂക്ഷിക്കുന്നവർ, സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നവർ. സിനിമയിറങ്ങി പതിനേഴു വർഷങ്ങൾക്കിപ്പുറവും സമൂഹത്തിന്റെ ചിന്തകൾക്ക് വലിയ മാറ്റമില്ല. പാരമ്പര്യവും മതവും അഭിമാനവും കെട്ടിപിടിച്ച് പെണ്മക്കളെ സ്ത്രീധനം നൽകി വിൽക്കുന്നവരാണ് അധികവും. അവിടെയാണ് ഈ ചിത്രം പ്രസക്തമാവുന്നത്.

“അവനവൻ ആരെന്നറിയുന്നതേ അറിവിൻ പൊരുൾ”. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും സമൂഹത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. എന്നാൽ ഒരാൾ സ്വന്തന്ത്രമാകുന്നത് മറ്റേയാളിനുകൂടി വേണ്ടിയാണ്. അവരുടെ അനുരാഗം ഇവിടെ അവസാനിക്കുന്നില്ല, അത് പുതിയ മേച്ചിൽപുറങ്ങൾ തേടി പോവുകതന്നെ ചെയ്യും. ഇതൊരു സഞ്ചാരമാണ്. ഉടലിന്റെയും ഉയിരിന്റെയും; പ്രണയത്തിൽ ഒന്നാവുന്നതിനുവേണ്ടിയുള്ള സഞ്ചാരം. കത്തുകളിലൂടെ പ്രണയിച്ച സിമനെയും വയലറ്റിനെയും പോലെ, കത്തിലൂടെ പ്രണയമറിഞ്ഞ് ഒന്നായ കിരണും ലൈലയും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കും