യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ഭീതിയിലാണ് യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ കുടുങ്ങിയിരിക്കുകയാണ്. ഭയത്തോടെയാണ് കഴിയുന്നതെന്നും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ വിവരങ്ങളും ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇന്നലെ വരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നെന്നും രാവിലെ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് യുദ്ധം തുടങ്ങിയതായി അറിയുന്നതെന്നുമാണ് വിദ്യാര്‍ഥികളില്‍ പലരും അറിയിച്ചിരിക്കുന്നത്. ഇവരില്‍ പലരും താമസിക്കുന്ന ഹോസ്റ്റലിന് സമീപം വരെ സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. കര്‍കിവ് നഗരത്തിലുള്ള വിദ്യാര്‍ഥികളോട് രേഖകളും വെള്ളവുമായി പുറത്തേക്ക് ഇറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് മാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രെയ്‌നിലെ ഏറ്റവും സുരക്ഷിതമായ സിറ്റി എന്നറിയപ്പെടുന്ന ഒഡേസയിലും സ്ഥിതി ആശങ്കാജനകമാണ്. എംബസി എന്തെങ്കിലും തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ ഇവിടെ വലിയ പ്രശ്‌നങ്ങളില്ല.ഇന്നലെ രാത്രി വൈകിയും സിറ്റിയില്‍ ആളുകളുണ്ടായിരുന്നുവെന്നും ഇന്ന് രാവിലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“രാത്രി വരെ സിറ്റിയൊക്കെ വളരെ സജീവമായിരുന്നു. ചിലരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. ക്ലാസ്സ് എന്താവുമെന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം കാത്ത് നില്‍ക്കുകയായിരുന്നു ഇതുവരെ. ഇന്ന് ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇപ്പോള്‍ വിമാന സര്‍വീസെല്ലാം നിര്‍ത്തലാക്കി എന്നാണ് കേള്‍ക്കുന്നത്. ബാഗും രേഖകളുമെല്ലാമെടുത്ത് റെഡിയായി ഇരിക്കാന്‍ ഏജന്‍സികള്‍ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി എന്താവും എന്നറിയില്ല”. ഒഡേസയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും കീവിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും എംബസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം തുടങ്ങിയതോടെ കീവ് വിമാനത്താവളം അടച്ചിട്ടതിനാല്‍ ഇവിടെ ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം മടങ്ങിയിരുന്നു.