എംസി റോഡിൽ തുരുത്തി കാനയ്ക്കു സമീപം കാർ പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു. ഗർഭിണിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

മലപ്പുറം പയ്യനാട് വടക്കേക്കുറ്റ് മനോജിന്റെ മകൻ റിച്ചു(മൂന്ന്) ആണ് മരിച്ചത്. മനോജ് (42), ഭാര്യ റീന(40), മകൾ റിന്റു (12), റീനയുടെ മാതൃസഹോദരിയുടെ പുത്രിയും തലവടി ചൂട്ടുമാലിൽ അട്ടിപ്പറമ്പിൽ ലിജുവിന്റെ ഭാര്യയുമായ ബിജിന(25), നിഖിൽ (24), ശശി (31) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ റിന്റുവിന്റെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെയാണ് അപകടം.

കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള സോളർ ലൈറ്റിന്റെ പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കാർയാത്രക്കാരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഗർഭിണിയായ ബിജിന മഞ്ചേരിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്തുവരികയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറുമാസം ബഡ്റെസ്റ്റ് എടുത്തശേഷം വീട്ടിലേക്കു വരികയായിരുന്നു. ബിജിനയുടെ വയറ്റിലുള്ള കുട്ടിക്ക് ചലനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.

ബിജിനയെ തലവടിയിലെ വീട്ടിലെത്തിക്കാൻ ഇന്നലെ രാത്രി 10ന് ആണ് ഇവർ പുറപ്പെട്ടത്. ബിജിനയുടെ ഭർത്താവ് ലിജു വിദേശത്താണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.