കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.

പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.

ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.

വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.