ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : റഷ്യൻ സൈനികർ യുക്രൈനിൽ നടത്തിയ കൊടും ക്രൂരതയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലാത്സംഗത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന റഷ്യ ഐക്യരാഷ്ട്രസഭയെ (യുഎൻ) ആശങ്കയിലാക്കുന്നു. റഷ്യന്‍ സൈന്യം ബലാത്സംഗം ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി യുക്രൈനിയന്‍ മനുഷ്യാവകാശ സംഘം ആരോപിച്ചെന്ന് ഒരു മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു. 12 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒമ്പത് ബലാത്സംഗക്കേസുകള്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ ആരോപിക്കുന്ന ഫോണ്‍ കോളുകള്‍ തന്റെ സംഘടനയുടെ എമര്‍ജന്‍സി ഹോട്ട്ലൈനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ലാ സ്ട്രാഡ – യുക്രെയ്ന്‍ പ്രസിഡന്റ് കാതറീന ചെറെപാഖ പറഞ്ഞു. സമാനമായി, 14 നും 24 നും ഇടയിൽ പ്രായമുള്ള 25 ഓളം സ്ത്രീകൾ ഒരു ബേസ്‌മെന്റിൽ വെച്ച് ബലാത്സംഗത്തിനിരയായതായി യുക്രൈനിലെ മനുഷ്യാവകാശ പ്രവർത്തകൻ ലുഡ്‌മില ഡെനിസോവ പറഞ്ഞു. ഇവരിൽ ഒമ്പത് പേർ ഇപ്പോൾ ഗർഭിണികളാണ്.
അൻപതുകാരിയായ അന്നയുടെ (യഥാർത്ഥ പേരല്ല) വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് –
മാർച്ച് ഏഴിന് അന്നയുടെ വീട്ടിലേക്കൊരു പട്ടാളക്കാരൻ അതിക്രമിച്ചു കയറി. അയാൾ തോക്ക് ചൂണ്ടി അന്നയെ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. രക്ഷിക്കാൻ പിന്നാലെ ഓടിയ ഭർത്താവിനെ അയാൾ വെടിവെച്ചിട്ടു. വിവസ്ത്രയാക്കപ്പെട്ട അന്ന തോക്കിൻ മുനയിൽ ക്രൂരബലാത്സംഗത്തിനിരയായി. ഇതിനിടെ നാല് സൈനികർ കൂടി അവിടേക്ക് വന്നു. എല്ലാം അവസാനിച്ചുവെന്ന് തോന്നി. പക്ഷേ വന്നവർ അയാളെ കൊണ്ടുപോവുകയാണ് ചെയ്തത്. അന്ന തിരികെ വീട്ടിലേക്കോടി. അടിവയറ്റിൽ വെടിയേറ്റ ഭർത്താവ് നിലത്ത് വീണുകിടപ്പുണ്ടായിരുന്നു. ചികിത്സ നൽകാൻ കഴിയാതെ വന്നതോടെ അദ്ദേഹം രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ബലാത്സംഗത്തിനിടെ അന്ന് രക്ഷിച്ച പട്ടാളക്കാർ അന്നയുടെ വീട്ടിലായിരുന്നു പിന്നീട് താമസം. അന്നയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അവർ ഭർത്താവിന്റെ സാധനങ്ങൾ ആവശ്യപ്പെട്ടു. മാനസികമായി തകർന്ന അന്ന ഇപ്പോൾ ചികിത്സയിലാണ്.
മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന സൈനികനാണ് അന്ന് അന്നയുടെ വീട്ടിലേക്കെത്തിയതെന്ന് അയൽക്കാർ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നാല്പതു വയസ്സാണ് പ്രായം. അവർ കൊല്ലപ്പെട്ട മുറിയിൽ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് ആരോ ഇങ്ങനെ എഴുതിയിട്ടു – ‘അജ്ഞാതരാൽ പീഡിപ്പിക്കപ്പെട്ടു, റഷ്യൻ പട്ടാളക്കാർ കുഴിച്ചുമൂടി.’ റഷ്യൻ സൈന്യം നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ തോത് വിലയിരുത്തുക അസാധ്യമെന്നാണ് പലരും വെളിപ്പെടുത്തുന്നത്. യുദ്ധം, ഒരു രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും തകർത്തുകളയുന്നതിന്റെ ഉദാഹരണമാണ് റഷ്യ – യുക്രൈൻ യുദ്ധം. ദുരന്തങ്ങളും നഷ്ടക്കണക്കുകളും മാത്രമാണ് അവിടെ ബാക്കിയാവുന്നത്.
Leave a Reply