ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

യുകെ :-ബ്രെക്സിറ്റ് യുകെയുടെ ക്രെഡിറ്റ് റേറ്റിംങ്ങിൽ ഇടിവ് വരുത്തുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ‘മൂഡി’ യുടെ റിപ്പോർട്ട്‌. രാജ്യത്തിന്റെ പുതിയ പദ്ധതി രൂപീകരണങ്ങൾ പലതും ബ്രെക്സിറ്റ് കാരണം മുടങ്ങിക്കിടക്കുകയാണ്. ഡിസംബറിൽ നടക്കുന്ന ജനറൽ ഇലക്ഷനുവേണ്ടി ധാരാളം പണം ഗവൺമെന്റ് ചെലവാക്കുന്നുണ്ട്. ഇതെല്ലാം ക്രെഡിറ്റ് റേറ്റിംങ്ങിനെ ബാധിക്കുന്നതായി മൂഡിയുടെ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒരു രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് അനുസരിച്ചാണ്,ആ രാജ്യവും മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക വിനിമയ നിരക്കുകൾ നിർണയിക്കപ്പെടുന്നത് . ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഈ റേറ്റിംങ്ങിലൂടെ വെളിപ്പെടുന്നത്. ഏറ്റവും മികച്ച മൂന്നാമത്തെ റാങ്കായ Aa2 ആണ് ബ്രിട്ടന്റെ നിലവിലുള്ള റേറ്റിംഗ്. 2013- ൽ ബ്രിട്ടനെ ഒന്നാമത്തെ റാങ്കിൽ നിന്നും മൂഡി മാറ്റിയിരുന്നു.


ജനറൽ ഇലക്ഷന്റ് ഭാഗമായി എല്ലാ രാഷ്ട്രീയ പാർട്ടികളും പണം കടം വാങ്ങുന്ന തിരക്കിലാണ്. എന്നാൽ മൂഡിയുടെ റിപ്പോർട്ടനുസരിച്ച് ഇപ്പോൾ കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുന്ന അവസ്ഥയ്ക്ക് ഭാവിയിൽ മാറ്റം ഉണ്ടാകും എന്നാണ് രേഖപ്പെടുത്തുന്നത്. യുകെയുടെ കടഭാരം വർദ്ധിക്കാൻ സാധ്യത ഉള്ളതായും റിപ്പോർട്ടിൽ ആശങ്കയുണ്ട്. എന്നാൽ ഈ സാഹചര്യം നേരിടാൻ ആവശ്യമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുന്നില്ല. ബ്രിട്ടനിൽ സാമ്പത്തിക വളർച്ച കുറയുന്നതിന് കാരണം രാഷ്ട്രീയ അനിശ്ചിതത്വം ആണ് എന്ന് റാബോ ബാങ്ക് വക്താവ് ജെയിൻ ഫോളി രേഖപ്പെടുത്തി.

ഈ റിപ്പോർട്ട് മോശം സമയത്താണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇലക്ഷന് മുൻപ് രാഷ്ട്രീയ പാർട്ടികൾ വലിയ സ്വപ്നങ്ങളിലേക്ക് നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട്. ബ്രിട്ടണിലെ രാഷ്ട്രീയ അനിശ്ചിതത്വം രാജ്യത്തിന്റെ ഭാവിയെ തകർക്കുമെന്നാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. യുകെയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ ബ്രെക്സിറ്റ് നയമാണെന്ന് ലേബർ പാർട്ടി വക്താവ് കുറ്റപ്പെടുത്തി. എന്നാൽ ഈ ഇലക്ഷനോടുകൂടി എല്ലാം ശരിയാകുമെന്നും, ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നും കൺസർവേറ്റീവ് പാർട്ടി വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.