യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.

അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.

അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.