ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരിയുടെ തുടക്കത്തിൽ കൂടുതൽ ഫലപ്രദമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്രിട്ടൻ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തുന്ന എംപിമാരുടെ റിപ്പോർട്ട് പുറത്തുവന്നു. കോവിഡ് കൈകാര്യം ചെയ്തത് രാജ്യത്തിൻറെ ചരിത്രത്തിലെ നാളിതുവരെയുള്ള പൊതുജനാരോഗ്യ പരാജയങ്ങളുടെ ഏറ്റവും വലിയതായാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത് . വൈറസ് ബാധയിലൂടെ നേടുന്ന ആർജ്ജിത പ്രതിരോധശേഷിയിലൂടെ മഹാമാരിയെ മറികടക്കാമെന്ന ചിന്താഗതി സർക്കാരിനെ ഉണ്ടായിരുന്നതാണ് ബ്രിട്ടനിൽ തുടക്കത്തിൽ കോവിഡ്-19 പിടിവിട്ട് പടർന്നു പിടിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടക്കത്തിൽ ഏർപ്പെടുത്താൻ കാലതാമസം നേരിട്ടതും അതിൻറെ ഫലമായി ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടാൻ കാരണവും ആയത് . റിപ്പോർട്ടിലെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ബോറിസ് ജോൺസൺ സർക്കാരിൻറെ മേൽ വൻ വിമർശനങ്ങൾക്ക് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ റിപ്പോർട്ടിൽ പ്രതിരോധകുത്തിവയ്പ്പിനെ കുറിച്ചുള്ള പരാമർശ ഭാഗങ്ങൾ ഗവൺമെൻറിന് ആശ്വാസം നൽകുന്നവയാണ് . ലോകത്തിൽ ആദ്യമായി പൊതു ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കം ഇട്ടത് ബ്രിട്ടനായിരുന്നു . യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി രോഗത്തെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാരിനും എൻഎച്ച്എസിനും വിജയം കണ്ടെത്താനായി . പലരാജ്യങ്ങളും ആവശ്യമായ വാക്സിൻ കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴും തുടക്കത്തിൽ തന്നെ വാക്‌സിൻ നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാൻ രാജ്യത്തിനായി. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി, വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ എന്നിവരിൽനിന്ന് തെളിവ് എടുത്താണ് 180 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് .
Leave a Reply