ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ആദ്യ ‘സൂപ്പർ യൂണിവേഴ്സിറ്റി’ എന്ന വിശേഷണത്തോടെ ഗ്രീൻവിച്ച് സർവകലാശാലയും കെന്റ് സർവകലാശാലയും ലയിച്ച് രൂപംകൊള്ളുന്ന ലണ്ടൻ ആൻഡ് സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റി ഗ്രൂപ്പ് (LASEUG) സെപ്റ്റംബർ 7 മുതൽ പ്രവർത്തനം ആരംഭിക്കും. 50,000ത്തിലധികം വിദ്യാർഥികളെയും ലണ്ടൻ, മെഡ്‌വേ, കെന്റ് എന്നിവിടങ്ങളിലായി വ്യാപിച്ച നാല് ക്യാമ്പസുകളെയും ഉൾക്കൊള്ളുന്ന ഈ കൂട്ടായ്മ രാജ്യത്തെ മൂന്നാമത്തെ വലിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി മാറും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലയനം നടപ്പിലാകുന്നെങ്കിലും ഗ്രീൻവിച്ചും കെന്റും തങ്ങളുടെ പേരുകളും ബ്രാൻഡ് തിരിച്ചറിവും നിലനിർത്തും. വിദ്യാർഥികൾ നിലവിലെ സർവകലാശാലകളുടെ പേരിൽ തന്നെ പഠനം പൂർത്തിയാക്കി ബിരുദം നേടും. എന്നാൽ ജീവനക്കാർ പുതിയ ഗ്രൂപ്പിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഗ്രീൻവിച്ച് വൈസ് ചാൻസലർ പ്രൊഫ. ജെയ്ൻ ഹാരിങ്ടൺ പുതിയ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനവും വഹിക്കും.

യുകെയിലെ സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ ചരിത്രപരമായ ലയനം നടക്കുന്നത്. ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും മൂലം നിരവധി സ്ഥാപനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി സംയുക്ത പദ്ധതികളിൽ സഹകരിച്ചുവരുന്ന ഗ്രീൻവിച്ചും കെന്റും ഈ പുതിയ മാതൃകയിലൂടെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസ രംഗത്തെ മത്സരശേഷിയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാവി ലയനങ്ങൾക്ക് ഈ സൂപ്പർ യൂണിവേഴ്സിറ്റി മാതൃക വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.