ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഫ് ഗാനിസ്ഥാനിലെ യുകെയുടെ ഒഴിപ്പിക്കൽ പൂർണ്ണ വേഗതയിൽ പ്രവർത്തിക്കുന്നുവെന്ന് സൈനിക കമാൻഡർ. ഇതുവരെ 300 ഓളം പേരെ പുറത്തെത്തിച്ചതായി ബെൻ കീ പറഞ്ഞു. എന്നാൽ സുരക്ഷാ സാഹചര്യം അനുസരിച്ചാണ് ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 6,000 മുതൽ 7,000 വരെ ബ്രിട്ടീഷ് പൗരന്മാരെയും യോഗ്യരായ അഫ് ഗാൻ ജീവനക്കാരെയും രാജ്യം വിടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുകെ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. താലിബാൻ സർക്കാരിന്റെ ഏത് ഇടപെടലും മനുഷ്യാവകാശ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് വിധേയമായിരിക്കണമെന്ന് ജോൺസൻ ചൂണ്ടിക്കാട്ടി. പടിഞ്ഞാറിനെ ആക്രമിക്കാൻ അഫ് ഗാൻ മണ്ണ് ഉപയോഗിക്കാൻ ഇടവരുത്തരുതെന്ന് ബ്രിട്ടൻ താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലുള്ള പുനരധിവാസ പദ്ധതി പ്രകാരം ജൂൺ 22 മുതൽ ഏകദേശം 2,000 മുൻ അഫ് ഗാൻ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും യുകെയിൽ പുനരധിവസിപ്പിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു . 2013 മുതൽ 3,300 ൽ അധികം ആളുകളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ നടന്ന ദാരുണ സംഭവങ്ങൾക്ക് ശേഷം ഇപ്പോൾ സ്ഥിതി കൂടുതൽ ശാന്തമാണെന്ന് ചീഫ് ജോയിന്റ് ഓപ്പറേഷൻസ് വൈസ് അഡ്മിറലായ ബെൻ പറഞ്ഞു. കാബൂളിൽ ഇതുവരെ മൂന്ന് വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും കൂടുതൽ വിമാനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ പുനരധിവസിപ്പിക്കാൻ അർഹതയുള്ള ബ്രിട്ടീഷ് പൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കാൻ യുകെ ഏകദേശം 900 ട്രൂപ്പുകളെ അഫ് ഗാനിസ്ഥാനിലേക്ക് അയച്ചു.
ഈ സംഘത്തിൽ ബ്രിട്ടീഷ് സർക്കാരിനുവേണ്ടി പ്രവർത്തിച്ച അഫ് ഗാൻ സ്വദേശികളും വ്യാഖ്യാതാക്കളും സാംസ്കാരിക ഉപദേഷ്ടാക്കളും എംബസി ജീവനക്കാരും ഉൾപ്പെടുന്നു. കഴിയുന്നത്ര വേഗത്തിൽ ആളുകളെ തിരികെ കൊണ്ടുവരാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ബെൻ വ്യക്തമാക്കി. അതേസമയം അഫ് ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥികളെ പുറത്തെത്തിക്കാൻ യുകെ എങ്ങനെയാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്ന് പ്രധാനമന്ത്രിയോട് ചോദിക്കുമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ആദ്യത്തെ ചർച്ച ഇതായിരിക്കണം: ഒരു പദ്ധതിയുണ്ടോ; അഫ് ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികൾക്ക് പുറത്ത് വരാൻ സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങളുണ്ടോ; അത് എത്ര വേഗത്തിൽ നടപ്പാക്കാനാകും?” സ്റ്റാർമർ വ്യക്തമാക്കി. ചൊവ്വാഴ്ച കാബൂൾ നഗരം സമാധാനനില വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതോടെ, വിദേശ രാജ്യങ്ങൾ ഒക്കെയും നയതന്ത്ര ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ സജീവമാക്കി.
Leave a Reply