ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറ്റവും കൂടുതൽ യുകെയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കുടിയേറ്റം കുറയ്ക്കുക എന്നത് . കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്ന പാർട്ടികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഈ വിഷയത്തെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുടിയേറ്റം കുറയുന്നതിന് ഋഷി സുനക് സർക്കാർ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവർഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവർഷം മുതൽ 38,700 പൗണ്ട് ആയി വർദ്ധിക്കുകയും ചെയ്യും.


എന്നാൽ ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനമാണെന്ന അഭിപ്രായം അന്നേ ശക്തമായിരുന്നു. പല ബ്രിട്ടീഷുകാരുടെയും വാർഷിക വരുമാനം ഈ പരിധിയിൽ അല്ലാത്തതിനാൽ ഭാര്യയെയും കുട്ടികളെയും യുകെയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന ഒട്ടേറെ അനുഭവ കഥകൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള ഋഷി സുനകിൻ്റെ ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .

ഈ നടപടി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന് വിരുദ്ധമാണ് എന്നാണ് പ്രഷർ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യൽ റിവ്യൂവിനുള്ള അപേക്ഷ സമർപ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തിൽ പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. 2023-ൽ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരു പാർട്ടികളും സംവാദത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാർത്തകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സർക്കാരിൻറെ കുടിയേറ്റം കുറിക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയിൽ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്.