ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. എന്നാൽ സർക്കാരിൻെറ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സർ മാർക്ക് റൗളി. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി തടവുകാരെ നേരത്തെ മോചിപ്പിക്കുന്നത് പോലീസിന്റെ ജോലിഭാരം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മോചിപ്പിക്കപ്പെട്ട തടവുകാർ വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത ആണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സർക്കാരിൻെറ പുതിയ നയം അനുസരിച്ച്, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഒന്ന് മുതൽ നാല് വർഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. എന്നാൽ പോലീസിംഗിൽ അതിന്റെ സ്വാധീനം വിശകലനം ചെയ്യാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി നടപ്പിലാക്കിയിരുന്ന ചെലവുചുരുക്കൽ വെട്ടിക്കുറയ്ക്കലുകളിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന പോലീസ് സേനയെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് സർ മാർക്ക് റൗളി പറയുന്നു.
MI5, നാഷണൽ ക്രൈം ഏജൻസി എന്നിവയുടെ മേധാവികൾക്കൊപ്പം, റൗളി നീതിന്യായ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അടിയന്തര മോചനങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ജയിൽ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഏകദേശം 1,400 ജയിൽ സ്ഥലങ്ങളിലെ പ്രതികളെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം പരോൾ ബോർഡ് അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതിൽ, അപകടസാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.
Leave a Reply