ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ റസ്റ്റോറൻറ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1926 ഏപ്രിൽ മാസത്തിൽ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തിൻ്റെ അന്ന് തുടങ്ങിയ മിഷേലിൻ സ്റ്റാർ വീരസ്വാമി റസ്റ്റോറൻ്റ് ആണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തുറന്നു പ്രവർത്തിച്ചപ്പോൾ മുതൽ ഇന്ത്യൻ വിഭവങ്ങളുടെ തനിമ ഇഷ്ടപ്പെടുന്നവരുടെ സങ്കേതമായിരുന്നു ഈ റസ്റ്റോറൻറ്. മാർലോൺ ബ്രാൻഡോ മുതൽ പരേതയായ രാജ്ഞി വരെ പതിറ്റാണ്ടുകളായി നിരവധി തവണ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
ഒരു വർഷം കൂടി കഴിഞ്ഞാൽ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് വീരസ്വാമി റസ്റ്റോറൻറ്. ആ സമയത്താണ് ഭക്ഷണ പ്രേമികളെ നിരാശരാക്കി കൊണ്ട് വാർത്ത പുറത്തു വന്നിരിക്കുന്നത്. നിലവിലെ പ്രോപ്പർട്ടി ഡെവലപ്പറുമായുള്ള തർക്കമാണ് അടച്ചു പൂട്ടലിലേയ്ക്ക് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിക്കാഡിലി സർക്കസിനടുത്തുള്ള മിഷേലിൻ സ്റ്റാർ വീരസ്വാമി റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്ന ലിസ്റ്റുചെയ്ത കെട്ടിടമായ വിക്ടറി ഹൗസിന്റെ ഉടമസ്ഥതയിലുള്ള ക്രൗൺ എസ്റ്റേറ്റ് ഓഫീസുകൾ നവീകരിക്കാനുള്ള പദ്ധതികളുടെ പശ്ചാത്തലത്തിൽ പാട്ട കാലാവധി നീട്ടുന്നത് തുടരാൻ കഴിയില്ലെന്ന് അറിയിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം .
വീരസ്വാമിയുടെ സഹ ഉടമയായ രഞ്ജിത് മത്രാണി ഇപ്പോൾ പാട്ട കാലാവധി നീട്ടാൻ ശ്രമിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയാണ്. ഈ റസ്റ്റോറന്റിനെ സ്നേഹിക്കുന്നവർക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. റെസ്റ്റോറൻറ് അടച്ചു പൂട്ടുന്ന സാഹചര്യം ഉടലെടുത്തതിൽ ഭക്ഷണപ്രേമികൾ കടുത്ത നിരാശയിലാണ്. തിങ്കളാഴ്ച ഉച്ച ഭക്ഷണ സമയത്ത് റസ്റ്റോറൻ്റിനെ കുറിച്ചും ഇവിടെ നിന്ന് നൽകുന്ന വിഭവങ്ങളെ കുറിച്ചും ഭക്ഷണം കഴിക്കാനെത്തിയവർ കവിത കുറിച്ചിരുന്നു. അത്രമാത്രം ഗൃഹാതുരത്വത്തോടെയാണ് ഭക്ഷണപ്രേമികൾ ഈ ഇന്ത്യൻ റസ്റ്റോറന്റിനെ സമീപിക്കുന്നത്. ആധുനിക ബ്രിട്ടീഷ്- ഇന്ത്യൻ പാചകരീതിയുമായി പൊരുത്തപ്പെടാൻ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഒട്ടേറെ സെലിബ്രിറ്റികളാണ് സ്ഥിരമായി ഇവിടെ എത്തി കൊണ്ടിരിക്കുന്നത്.
1926-ൽ ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ചെറുമകനും ഉത്തരേന്ത്യൻ മുഗൾ രാജകുമാരിയുമായ എഡ്വേർഡ് പാമർ സ്ഥാപിച്ച ഈ റെസ്റ്റോറന്റ് കാലഘട്ടത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ലണ്ടനിലെ ജനങ്ങളെ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത് . 1934-ൽ ഇത് ഒരു എംപിയായ സർ വില്യം സ്റ്റ്യൂവാർഡിന് വിൽക്കുകയായിരുന്നു. അങ്ങനെ പലതവണ കൈമറിഞ്ഞാണ് നിലവിലെ ഉടമസ്ഥരുടെ പക്കൽ റെസ്റ്റോറന്റ് എത്തിയത്. 2008-ൽ, ബക്കിംഗ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി നടത്തിയ ഒരു ചടങ്ങിനായി റെസ്റ്റോറന്റ് ഭക്ഷണം നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Leave a Reply