ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും എൻഎച്ച്‌എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്വാസകരമായി മാറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പുതിയ മാറ്റങ്ങളിൽ നേഴ്സുമാർക്കും ഡോക്ടർമാർക്കും 5 വർഷത്തിനുള്ളിൽ ILR ലഭിക്കുന്ന ഇളവ് തുടരുന്നതാണ് ഇതിന് പ്രധാന കാരണം. അതിനാൽ യുകെയിലെ മലയാളി ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷത്തിനും ഈ പരിഷ്‌കരണം വലിയ ആഘാതമൊന്നും സൃഷ്ടിക്കില്ല. യുകെയിലെ ആരോഗ്യരംഗത്ത് മലയാളികളുടെ ശക്തമായ സാന്നിധ്യം കണക്കിലെടുത്താൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാൽ, പുതിയ നിയമങ്ങളിൽ കെയർ മേഖലയിലെ നേഴ്സുമാരെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കെയർ ജോലി ചെയ്ത് പിന്നീട് എൻഎച്ച്‌എസിൽ നിയമനത്തിനായി ശ്രമിക്കുന്നവരാണ് കെയർ മേഖലയിലെ മലയാളികളിൽ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ നല്ലൊരു ശതമാനം കെയർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഈ നിയമങ്ങൾ അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
യുകെ ആഭ്യന്തരമന്ത്രി ശബാന മഹ്മൂദ് പ്രഖ്യാപിച്ച പുതുക്കിയ കുടിയേറ്റ നയപ്രകാരം ഇതിനകം സെറ്റിൽഡ് സ്റ്റാറ്റസ് നേടിയവർക്ക് പുതിയ നിയമങ്ങൾ ബാധകമല്ല. ഉയർന്ന വരുമാനക്കാരായ പ്രൊഫഷണലുകൾക്കും സംരംഭകർക്കും 3 വർഷത്തിനുള്ളിൽ ഫാസ്റ്റ്-ട്രാക്ക് സെറ്റിൽമെന്റ് ലഭ്യമാകുമെന്നതും മറ്റൊരു ഗുണകരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു.
അനധികൃതമായി എത്തുന്നവർക്ക് സ്ഥിരതാമസത്തിന് 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും . ഹൈ സ്‌കില്‍ഡ് ജോലികളിലുള്ളവര്‍ക്ക് 10 വര്‍ഷത്തിന് ശേഷം പിആറിന് അപേക്ഷിക്കാം. പക്ഷേ, അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, മൂന്ന് വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം, നികുതി കുടിശ്ശികയോ വിസ സംബന്ധമായ പണം കുടിശ്ശികയോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ കൂട്ടിച്ചേർത്തിട്ടുണ്ട് . ഇംഗ്ലീഷ് ഭാഷാ പരീക്ഷയും ലൈഫ് ഇന്‍ ദി യു.കെ പരീക്ഷയും പാസാകണം. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും പൊതുസേവന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും കാത്തിരിപ്പ് സമയം കുറയും.
മൊത്തത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നവര്‍ക്കും ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കും ഇളവ് ലഭിക്കും. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ആശ്രിതരെ കൊണ്ടുവരുന്നവര്‍ എന്നിവരുടെ കാത്തിരിപ്പ് സമയം കൂടും. പുതിയ നിയമം യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൃത്യമായി പുനഃസംഘടിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു, പക്ഷേ വിവിധ സംഘടനകള്‍ ഇത് കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത തീരുമാനമാണെന്ന് വിമര്‍ശിക്കുന്നു.











Leave a Reply