റ്റിജി തോമസ്

കൊച്ചി ,ദുബായ് , മാഞ്ചസ്റ്റർ എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് എൻറെ യുകെ യാത്ര . ഇതിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ദുബായ് എയർപോർട്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് .

കൊച്ചിയിൽ നിന്ന് ദുബായിൽ വന്നിറങ്ങിയ എനിക്ക് മാഞ്ചസ്റ്ററിലേയ്ക്ക് 7 മണിക്കൂറിന് ശേഷമാണ് കണക്ഷൻ ഫ്ലൈറ്റ്. അതുകൊണ്ടുതന്നെ ദുബായ് എയർപോർട്ട് നന്നായി ചുറ്റിക്കറങ്ങി നടന്ന് കാണാൻ സാധിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ലോകം . പോക്കറ്റിലുള്ള ദിർഹവുമായി ഒത്തു നോക്കുമ്പോൾ എന്നെ സംബന്ധിച്ച് എല്ലാ സാധനങ്ങൾക്കും നല്ല വിലയായിരുന്നു. രൂപയും ദിർഹവും തമ്മിലുള്ള വിനിമയ നിരക്കിൽ ഒരു ലിറ്റർ വെള്ളത്തിനു പോലും 200 രൂപ. ഒരുപക്ഷേ വിദേശത്ത് ജീവിച്ച് ഇന്ത്യയിൽ എത്തുന്ന പ്രവാസി മലയാളികളുടെ ചിലവഴിക്കലിന്റെ മനഃശാസ്ത്രം വിദേശ നാണ്യം ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സന്തോഷമായിരിക്കാം.

മാഞ്ചസ്റ്റർ എയർപോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ എനിക്ക് അനുഭവപ്പെട്ട പ്രധാന വൈഷമ്യം വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ സാധിക്കില്ല എന്നതായിരുന്നു. പക്ഷേ ഓഡിയോ, ടെക്സ്റ്റ്, മെസ്സേജുകൾക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല , ഭാഗ്യം .

മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. വാട്സ്ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ ഓഡിയോ കോളുകൾക്ക് യാതൊരു തടസ്സവുമില്ല. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ എത്തിയവരെ വിളിക്കാനായി ഫോൺ തരാമെന്ന് പറഞ്ഞ എലിസബത്തിന്റെ സഹായ വാഗ്ദാനത്തെ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. എയർപോർട്ടിലെ വൈഫൈ സംവിധാനം ഉപയോഗിച്ച് എന്നെ സ്വീകരിക്കാൻ എത്തിയവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇനി അവരുടെ അടുത്തേയ്ക്ക് …

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ എന്റെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി. ഇനി എനിക്ക് വാട്സ്ആപ്പ് കോളുകളോ മെസ്സേജുകളോ സാധ്യമല്ല. ശരിക്കും ഫോൺ ഉപയോഗശൂന്യമായതുപോലെ . ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….

എന്നാൽ ആശങ്കകൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏറിയാൽ 10 മിനിറ്റ് . അതിനുള്ളിൽ തന്നെ തോളിലെ കരസ്പർശം ഞാൻ തിരിച്ചറിഞ്ഞു. അത് എന്റെ സഹോദരനും മലയാളം യുകെ അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് ആയിരുന്നു.

വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ എന്നെ സ്വീകരിക്കാൻ ജോജിയെ കൂടാതെ മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറായ ഷിബു മാത്യു, യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി , യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് എന്നിവരും എത്തി ചേർന്നിരുന്നു.

വെയ്ക് ഫീൽഡിലേയ്ക്ക് ഉള്ള യാത്രയിൽ ലെനിനാണ് ഡ്രൈവ് ചെയ്യുന്നത്. ഗതാഗതരംഗത്ത് ബ്രിട്ടന്റെ അഭിമാനമായ മോട്ടോർ വേകളെ കുറിച്ച് ലെനിൻ പറഞ്ഞു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന M62 മോട്ടോർ വേയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര .

മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ജോജിയുടെ സ്ഥലമായ വെയ്ക്ക് ഫീൽഡിലേക്ക് ഏകദേശം 55 മൈലാണ് ദൂരം. അതായത് 88 കിലോമീറ്റർ . റ്റോണി ദൂരം മൈൽ കണക്കിലും കിലോമീറ്ററായും പറഞ്ഞപ്പോൾ പെട്ടെന്ന് കേരളത്തിലെ പാതയോരത്തുള്ള മൈൽ കുറ്റികളും പല സ്ഥലനാമങ്ങളും മനസ്സിലേക്ക് ഓടിയെത്തി. 26ാം മൈലും 28-ാം മൈലുമൊക്കെ കേരളത്തിൽ സ്ഥലനാമങ്ങളാണ്. റ്റോണിയുടെ വീട് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് 26-ാം മൈലാണെന്നത് യാദൃശ്ചികതയായി .

ബ്രിട്ടീഷ് അധിനിവേശകാലത്തെ അളവ് തൂക്ക സമ്പ്രദായത്തിൽ നിന്ന് ലഭിച്ച പേരുകളാണിവ. കോട്ടയം മുതൽ കുമളി വരെയുള്ള കെ കെ റോഡിൽ പല സ്ഥലപേരും നൽകിയിരിക്കുന്നത് ഈ രീതിയിലാണ്.
ബ്രിട്ടീഷുകാരാണ് കേരളത്തിൽ കോട്ടയം മുതൽ കുമളി വരെയുള്ള പാതയുടെ ഉപജ്ഞാതാക്കൾ . 66 മൈൽ ദൂരദൈർഘ്യമുള്ള കെ കെ റോഡിലെ പല പേരുകളും മൈൽ കണക്കിലാണ്.

88 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മനസ്സിൽ കണ്ട സമയ കണക്കുകൾ അസ്ഥാനത്തായിരുന്നു. ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ വെയ്ക്ക് ഫീൽഡിൽ എത്തിച്ചേർന്നു. അവിടെ ജോജിയുടെ വീട്ടിൽ യാത്രയുടെ ക്ഷീണം അകറ്റാനുള്ള വിഭവസമൃദ്ധമായ സദ്യയുമായി ജോജിയുടെ ഭാര്യ മിനിയും മക്കളായ ആനും ദിയയും ലിയയും കാത്തിരിക്കുന്നുണ്ടായിരുന്നു . പക്ഷേ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടത് ഗൃഹാതുരത്വമുണർത്തുന്ന രണ്ടു വിഭവങ്ങളായിരുന്നു. മാങ്ങയുടെ പൊടി പോലും ഇല്ലാത്ത മാങ്ങാ ചമ്മന്തിയും മാങ്ങാ അച്ചാറും ….

മാങ്ങയില്ലാത്ത മാങ്ങാ അച്ചാറിന്റെയും ചമ്മന്തിയുടെയും റെസിപ്പി അടുത്ത ആഴ്ച …

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

 റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി