കൊച്ചി: തൃക്കാകരയിലെ പുതുചരിത്രം രചിച്ച് യുഡിഎഫ്. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിനാണ് വിജയം. പോള്‍ ചെയ്ത വോട്ടില്‍ 72,767 വോട്ട് ഉമ തോമസും 47752 വോട്ട് ജോ ജോസഫും എ.എന്‍ രാധാകൃഷ്ണന്‍ 12,955 വോട്ടും നേടി. ആകെയുള്ള വോട്ടില്‍ 54 ശതമാനവും സ്വന്തം പെട്ടിയിലാക്കാന്‍ ഉമയ്ക്ക് കഴിഞ്ഞു.
ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലൂടെ പ്രതിപക്ഷ വനിത അംഗങ്ങളുടെ എണ്ണം രണ്ടായി. ഇതുവരെ കെ.കെ രമ മാത്രമായിരുന്നു പ്രതിപക്ഷ നിരയിലുണ്ടായിരുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ തുടങ്ങിയ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു. എല്‍.ഡി.എഫിന് സ്വാധീനമുളള ബൂത്തുകളില്‍ പോലും യുഡിഎഫ് ലീഡ് നേടി.
യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. കെ.വി തോമസ് അടക്കം ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പിന് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവരെ ജനങ്ങള്‍ തന്നെ തള്ളിക്കളയുന്നതായിരുന്നു ഫലം.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിരുന്നു. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്തും നാട്ടിലില്ലാത്തവരുടേയും മരിച്ചുപോയവരുടെയും എണ്ണം കൃത്യമായി എടുത്ത് കള്ളവോട്ട് തടയാനും ശ്രമം നടത്തി.
ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും പ്രചാരണത്തില്‍ മുന്നിലെത്താനും യുഡിഎഫിന് കഴിഞ്ഞു. ആ മുന്നേറ്റം അവസാനം വരെ കൊണ്ടുപോകാനുമായി. വിവാദങ്ങളുടെ പിന്നാലെയുള്ള പ്രചാരണത്തില്‍ നിന്ന് അപകടം മണത്ത് പെട്ടെന്ന് തന്നെ പിന്മാറാനും അവര്‍ക്ക് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത്, സ്വന്തം ജില്ലയില്‍ അഭിമാന വിജയം നേടാന്‍ പ്രവര്‍ത്തിച്ചു.
പി.ടി തോമസിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോഴും ഇത്രയും വലിയ ഭൂരിപക്ഷം നേടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം.
വോട്ടര്‍ പട്ടികയില്‍ 6700 വോട്ട് എന്റോള്‍ ചെയ്തിട്ട് 3700 വോട്ട് ചേര്‍ക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അവര്‍ ഇവിടെയുണ്ടായിരുന്ന കുറച്ചു നാള്‍ കൊണ്ട് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചു. അത് തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ പരാതി നല്‍കി സ്ഥലംമാറ്റിയെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
Leave a Reply