ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത്; രാജ്യത്തെ വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്ത്; രാജ്യത്തെ വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്
February 01 04:00 2021 Print This Article

ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.

ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.

ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’

ഇന്ത്യ അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.

ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്‌റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.

സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യും. ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്‌സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles