ബെഞ്ചമിൻ നെതന്യാഹുവും ഗാന്റ്സും തമ്മിലുള്ള സഖ്യ കരാറിന്റെ വെളിച്ചത്തിൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയനും യു.എന്നും രംഗത്ത്. ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ നിരവധി രാജ്യങ്ങള്‍ പരസ്യ പ്രതികരണവുമായി മുന്നോട്ടുവന്നു. അത്തരമൊരു നീക്കം ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് അന്താരാഷ്ട്ര പിന്തുണയോടെ നടക്കുന്ന പരിഹാര ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുഎന്നിന്റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലഡെനോവ് പറഞ്ഞു.
‘1967 ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്ന്’ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട യൂറോപ്യൻ യൂണിയന് വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രയേൽ ഉന്നയിക്കുന്ന പരമാധികാരം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏതു തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായി യൂറോപ്യൻ യൂണിയൻ കാണുമെന്നും സാഹചര്യത്തെയും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോറലിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച ഇസ്രായേൽ അത് അംഗരാജ്യങ്ങളുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ ഒരു ദിവസംകൊണ്ട് അങ്ങനെയൊരു നായ വ്യതിയാനം സംഭവിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ആരുടെ നയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യിസ്രേൽ കാറ്റ്സ് പറഞ്ഞു.
എന്നാല്‍, ‘ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കൂട്ടിച്ചേർക്കൽ ചോദ്യം ചെയ്യപ്പെടാതെ അനായാസമായി നടത്താമെന്ന് ഇസ്രായേല്‍ കരുതേണ്ടെന്ന്’ യുഎൻ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് ഡി റിവിയേർ പറഞ്ഞു. ഈ നടപടി അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുമെന്നും സമാധാന പ്രക്രിയയെ അപകടത്തിലാക്കുമെന്നും യുണൈറ്റഡ് കിംഗ്ഡവും നിലപാടെടുത്തു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്ന നടപടി നിലവിലെ അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്ന പരിഹാര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും എതിര്‍ക്കപ്പെടെണ്ടതാണെന്നും ജര്‍മ്മനിയും വ്യക്തമാക്കി.
Leave a Reply