ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അനധികൃത കുടിയേറ്റം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ നടത്തിയ പരാമർശത്തെ വിമർശിച്ച് യുഎൻ അഭയാർത്ഥി ഏജൻസി. നിയമങ്ങൾ “കർക്കശമാക്കാനുള്ള” സുവല്ലയുടെ ആഹ്വാനങ്ങൾ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) നിരസിച്ചു. അന്താരാഷ്ട്ര അഭയാര്‍ത്ഥി നിയമങ്ങള്‍ ലോക ക്രമത്തില്‍ അസ്ഥിരത സൃഷ്ടിക്കുന്നു എന്നും , അനധികൃത കുടിയേറ്റത്തിന് വന്‍ പ്രോത്സാഹനം നല്‍കുന്നു എന്നും ആഭ്യന്തര സെക്രട്ടറി ആരോപിച്ചു. വാഷിംഗ്ടണ്‍ ഡി സിയിലെ ഒരു വലതുപക്ഷ ചിന്താ കൂട്ടുകെട്ടായ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം. നിലവിലെ യുക്തി രഹിത നിയമങ്ങള്‍ കാരണം ബ്രിട്ടനില്‍ അഭയം തേടാന്‍ 780 മില്യൺ ആളുകള്‍ക്ക് കൂടി അവകാശം കൈവരികയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1951 ലെ യു എന്‍ ഉടമ്പടി പൊളിച്ചെഴുതണം എന്നും അവര്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ അഭയം ലഭിക്കണമെങ്കില്‍, അതിനായി അപേക്ഷിക്കുന്നവര്‍ അവരുടെ രാജ്യത്ത് അടിച്ചമര്‍ത്തലിന് വിധേയമാകുന്നു എന്ന് തെളിയിക്കണമായിരുന്നെങ്കില്‍ ഇന്ന് അവര്‍ വിവേചനം നേരിടുന്നു എന്ന് കാണിച്ചാല്‍ മതി എന്നും ബ്രേവര്‍മാന്‍ ചൂണ്ടിക്കാണിച്ചു. സ്വവര്‍ഗ്ഗരതിക്കാര്‍ ആയതും സ്ത്രീ ആയതും ഒക്കെ വിവേചനം നേരിടുന്നതിനുള്ള കാരണങ്ങള്‍ ആകരുതെന്നും അവര്‍ പറഞ്ഞു. എന്നാൽ, “വ്യക്തികൾ അവരുടെ ലൈംഗിക ആഭിമുഖ്യത്തിന്റെയോ ലിംഗ വ്യക്തിത്വത്തിന്റെയോ അടിസ്ഥാനത്തിൽ പീഡനത്തിന് സാധ്യതയുള്ളിടത്ത്, അവർക്ക് സുരക്ഷിതത്വവും സംരക്ഷണവും തേടാൻ അവകാശമുണ്ടെന്ന് യു എൻ റെഫ്യൂജി ഏജൻസി പറഞ്ഞു.

ലോകത്തിന്റെ ഭൂരിഭാഗവും നിലവിലുള്ള കൺവെൻഷനിൽ ഒപ്പുവെച്ചിരിക്കുന്നതിനാൽ, പരിഷ്‌ക്കരണങ്ങളിലൂടെ കടന്നുപോകാൻ സുവല്ലയ്ക്ക് സാധിക്കില്ല. എന്നാൽ, ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ് സുവല്ലയെന്ന് വ്യക്തമായി. ആധുനിക കാലത്തെ അവശ്യകത നിറവേറ്റാന്‍ ഐക്യ രാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന് സാധിക്കുന്നില്ലെന്നും അവർ ആരോപിച്ചു.