ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തില്ല. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ വെച്ച് മാർച്ച്‌ 29 നാണ് ചടങ്ങ് നടക്കുന്നത്. എന്നാൽ ഏപ്രിൽ പകുതിയോടെ ഇൻവിക്റ്റസ് ഗെയിംസിനായി അദ്ദേഹം നെതർലാൻഡ്സിലേക്ക് പോകും. രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ട വ്യക്തികളും ഉൾപ്പെടുന്ന അനുസ്മരണ ചടങ്ങിൽ ഹാരി പങ്കെടുക്കില്ലെന്ന വാർത്ത കൊട്ടാരത്തിൽ വലിയ അതൃപ്‌തി ഉളവാക്കിയിട്ടുണ്ട്. എന്നാൽ എത്രയും വേഗം ഹാരി രാജ്ഞിയെ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ഇന്നലെ അറിയിച്ചു.

നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ അറ്റ്ലാന്റിക്കിന് കുറുകെ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ഹാരിയുടെ അഭിഭാഷകർ അവകാശപ്പെട്ടു. 2014ൽ മുൻ സൈനികർക്കായി ഹാരി സ്ഥാപിച്ച കായിക ഇനമായ ഇൻവിക്‌റ്റസ് ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ പകുതിയോടെ അദ്ദേഹം നെതർലാൻഡ്സിലേക്ക് യാത്ര ചെയ്യുമെന്ന വാർത്തയും ഇന്നലെ പുറത്തുവന്നു.

ഫിലിപ്പിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ് ഹാരിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജീവചരിത്രകാരി ഏഞ്ചല ലെവിൻ ആക്ഷേപിച്ചു. അദ്ദേഹം രാജ്ഞിയെ ധിക്കരിക്കുകയാണെന്നും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഹാരി ഇതേ കാരണം ഉപയോഗിക്കുമെന്നും ലെവിൻ കൂട്ടിച്ചേർത്തു.