ലണ്ടന്‍: യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു വലിയ ഭൂരിപക്ഷം കുട്ടികളുണ്ടെന്ന് ഐക്യരാഷ്ട്രസഭ. തുര്‍ക്കിയില്‍ നിന്ന് കടല്‍ കടന്ന് ഗ്രീസിലെത്തുന്ന അഭയാര്‍ത്ഥികളില്‍ മൂന്നിലൊന്നും കുട്ടികളാണെന്നാണ് കണക്ക്. സുരക്ഷിതമല്ലാത്ത വഞ്ചികളിലും ബോട്ടുകളിലുമാണ് ഇവരുടെ സമുദ്ര സഞ്ചാരം. യൂറോപ്യന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി രണ്ടു കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് യുഎന്‍ ഈ വിവരം വെളിപ്പെടുത്തിയത്. യുണിസെഫിന്റെ കണക്കുകളനുസരിച്ച് ഗ്രീസില്‍ നിന്ന് മാസിഡോണിയന്‍ റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യുന്നവരില്‍ പുരുഷന്‍മാരേക്കാള്‍ അധികം സ്ത്രീകളും കുട്ടികളുമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. യുദ്ധം മൂലമുണ്ടായ ക്ഷാമവും ദാരിദ്ര്യവുമാണ് ജനങ്ങളെ അഭയാര്‍ത്ഥികളാക്കിയത്. പത്തു ലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 36 ശതമാനം വരുന്ന കുട്ടികളാണ് അഭയം തേടിയുള്ള യാത്രയില്‍ കഷ്ടതകളനുഭവിക്കുന്നതെന്ന് യുണിസെഫ് വക്താവ് സാറാ ക്രോ പറഞ്ഞു. ജൂണില്‍ അഭയാര്‍ത്ഥികളായി എത്തിയിരുന്നവരില്‍ 73 ശതമാനവും പ്രായപൂര്‍ത്തിയായ പുരുഷന്‍മാരായിരുന്നു. അവരില്‍ പത്തിലൊന്നു മാത്രമായിരുന്നു പതിനെട്ടു തികയാത്തവര്‍.
അഭയത്തിനായുള്ള സമുദ്രയാത്രയില്‍ സംഭവിക്കാനിടയുള്ള അപകടങ്ങളില്‍ ഇരയാകപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളത് സ്ത്രീകളും കുട്ടികളുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ഞുകാലമായതിനാല്‍ കടലിലുള്ള അപകടങ്ങള്‍ക്ക് സാധ്യത കൂടിയതിനൊപ്പം കരയിലും ഇവരുടെ ജീവന് ഭീ,ണികള്‍ ഏറെയാണ്. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള സമുദ്രയാത്രയില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ അഞ്ചിലൊന്ന് കുട്ടികളാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി വരെയുള്ള അഞ്ചു മാസങ്ങള്‍ക്കിടെ 330 കുട്ടികള്‍ക്ക് ഗ്രീസിലേക്കുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായി. അപകടങ്ങള്‍ പലപ്പോഴും കരയെത്തുന്നതിനു തൊട്ടുമുമ്പാണ് സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.