ബ്രിട്ടനിലെ മൂന്നാമത്തെ വലിയ ലോട്ടറി ടിക്കറ്റ് ജേതാവ് പേര് വെളിപ്പെടുത്താതെ അജ്ഞാതനായി തുടരുന്നു. യൂറോമില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തെ വലിയ വിജയമാണിത്. 123 മില്യൺ പൗണ്ടാണ് ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. രാജ്യം മുഴുവനുള്ള ടിക്കറ്റ് ഉടമകളോട് അവരുടെ നമ്പറുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയായി നീണ്ടുനിന്ന ദുരൂഹതയ്ക്ക് വഴിത്തിരിവായി ഒരാൾ പണത്തിൽ അവകാശം ഉന്നയിച്ചിരിക്കുകയാണ്. ഈ വർഷം യു. കെയിൽ നേടിയ നാലാമത്തെ വലിയ വിജയമാണിത്. യൂറോമില്യൺസിന്റെ പുതുവർഷ ദിനത്തിലെ നറുക്കെടുപ്പിൽ നോർത്തേൺ അയർലണ്ടിൽ നിന്നുള്ള പാട്രിക്കിനും ഫ്രാൻസിസ് കോണോളിയ്ക്കും 114.9 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. പിന്നീട് മാർച്ചിൽ എഡി ഗുഡ്ചൈൽഡിന് 71 മില്യൺ പൗണ്ടും ഏപ്രിലിൽ ഒരു അജ്ഞാത ടിക്കറ്റ് ഉടമയ്ക്ക് 35.2 മില്യൺ പൗണ്ടും ലഭിച്ചിരുന്നു.

ലോട്ടറി വിജയികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് ക്യാംലോട്ട് ലോട്ടറി കമ്പനി അറിയിച്ചു. ഈ 123 മില്യൺ പൗണ്ട് നേടിയ ആളെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തു വിടില്ല എന്നും അവർ അറിയിച്ചു. ഈ ടിക്കറ്റ് ഉടമയെ സൺ‌ഡേ ടൈംസ് റിച്ചിലെ യു കെയിൽ താമസിക്കുന്ന 1000 സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തും.വിജയിയായ വ്യക്തിക്ക് ജൂൺ 11 ലെ നറുക്കെടുപ്പിൽ 5 പ്രധാന നമ്പറുകളും 2 ലക്കി സ്റ്റാർസും ഒത്തുവന്നിരുന്നു. 25, 27, 39, 42, 46 എന്നീ നമ്പറുകൾക്കും 11, 12 എന്നീ ലക്കി സ്റ്റാർസിനും ആണ് സമ്മാനം ലഭിച്ചത്. “എക്കാലത്തെയും മികച്ച ലോട്ടറി വിജയികളിൽ ഒരാൾ താനാണെന്ന് അദ്ദേഹത്തിന് അറിവില്ലായിരിക്കാം.” നാഷണൽ ലോട്ടറിയിലെ ആൻഡി കാർട്ടർ പറഞ്ഞു. വിജയിയെ സന്ദർശിക്കാൻ നാഷണൽ ലോട്ടറി ടീം തയാറെടുക്കുകയാണ്.പുതിയൊരു ജീവിതരീതി തുടങ്ങുവാൻ വിജയിയെ ഈ ടീം സഹായിക്കുന്നതാണ്.

യൂറോമില്ലിയൺസിലെ ഏറ്റവും വലിയ വിജയം 2011 ജൂലൈയിൽ ലാർഗ്സിൽ നിന്നുള്ള കോളിൻ – ക്രിസ് വെയർ ദമ്പതികൾ നേടിയ 161 മില്യൺ പൗണ്ടിന്റെ വിജയം ആയിരുന്നു. മക്കൾക്കുവേണ്ടി വീടുകളും വാഹനങ്ങളും വാങ്ങുമെന്നാണ് അവർ പറഞ്ഞത്. ഒപ്പം എസ് എൻ പിയ്ക്ക് 1 മില്യൺ പൗണ്ട് സാമ്പത്തികസഹായവും അവർ നൽകി. 2012 ഓഗസ്റ്റിൽ അഡ്രിയാനും ഗില്ലിൻ ബെഫോർഡും നേടിയ 148 മില്യൺ പൗണ്ട് ആണ് രണ്ടാമത്തെ വലിയ വിജയം.