എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫിയെ പിടികൂടിയത് മൽപ്പിടുത്തത്തിനു ശേഷം. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതി യുപിസ്വദേശിയായ ഷഹറൂഖ് സെയ്ഫി പിടിയിലായത്. ട്രെയിനില്‍ തീ വെയ്പ് നടത്തിയതിന് പിന്നാലെ ഇയാളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.

പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. പിന്നാലെ എത്തിയ ഉദ്യോഗസ്ഥർ ഇയാളെ കായികമായി കീഴടക്കുകയായിരുന്നു. തലയ്ക്കുള്ള പരിക്കിന് ചികിത്സയ്ക്കായിട്ടാണ് പ്രതി എത്തിയത്. രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയിലായിരിക്കാം തലയില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് വിവരം.

പ്രതിയെ തേടി അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവരെക്കണ്ട് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. അക്രമം നടന്ന് നാലാം ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മുംബൈ എടിഎസ് ആണ്. മുംബൈ എടിഎസിന് വിവരം നല്‍കിയത് കേന്ദ്ര ഏജന്‍സികളായിരുന്നു. എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച സംഭവത്തിന് ശേഷം ട്രെയിന്‍ മാര്‍ഗ്ഗമായിരുന്നു ഇയാള്‍ രത്നഗിരിയിലേക്ക്എത്തിയത്. അതേസമയം ഇത്രയും ദിവസം പ്രതി എവിടായിരുന്നു എന്നുള്ള കാര്യം അന്വേഷണത്തിൽ നിർണ്ണായകമാണെന്നാണ് വിവരം. പ്രതിയ്ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നുള്ളതും ഇയാള്‍ക്ക് എവിടെ നിന്നെങ്കിലം സഹായം കിട്ടിയിട്ടുണ്ടോ എന്നുള്ളതുമാണ് പൊലീസ് പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പൊലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു, പിന്നിലുള്ള ശക്കികൾ ആരായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങൾക്ക് ഉടൻതന്നെ ഉത്തരമാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മറ്റൊരു കോച്ചില്‍ നിന്നാണ് ഇയാള്‍ ഡി1ലെത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് ഡി വണ്‍ കോച്ചിലേക്ക് കയറിയതെന്നാണ് വിവരം. ട്രെയിന്‍ കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി തുറന്ന് വീശിയൊഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് ഇന്ധനം പടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ മനസ്സിലാകും മുന്‍പ് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്ന സമയത്ത് അക്രമിയുടെ കാലിനും പൊള്ളലേറ്റിരിന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നുമാണ് കണ്ടെത്തിയത്. ട്രാക്കില്‍ മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ ബുക്കില്‍ തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് കുറിച്ചിരിക്കുന്നത്. കാര്‍പ്പൻ്റര്‍ എന്ന വാക്കും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

അതേസമയം കേരളത്തിലെ നാലു സ്ഥലങ്ങളുടെയും തമിഴ്‌നാട്ടിലെ രണ്ടു സ്ഥലങ്ങളുടെയും പേരുകള്‍ കൂടാതെ ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരുകളും വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം എന്നഐ സ്ഥലങ്ങളാണ് കേരളത്തിലേതായിട്ടുള്ളത്. ഈ നാലു സ്ഥലവും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളും ഡയറിയില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു.