മഹാരാഷ്ട്രയിൽ ആൾക്കുട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ എത്തിയവരെന്ന് സംശയിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. മഹാരാഷ്ട്രയിലെ റെയിൻപാഡയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമവാസികൾക്കിടയിൽ അഭ്യൂഹം പരന്നിരുന്നു.

കൊല്ലപ്പെട്ട അഞ്ചുപേരും കുറച്ചു സുഹൃത്തുക്കളും ബസിൽ നിന്നിറങ്ങുന്നത് ആളുകൾ കണ്ടിരുന്നു. ഇതിലൊരാൾ സമീപത്തുണ്ടായിരുന്ന പെൺകുട്ടിയോട് ദീർഘനേരം സംസാരിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വിവരം കാട്ടതീ പോലെ പടർന്നതോടെ ജനക്കൂട്ടം ഇവരെ വിചാരണ ചെയ്യുകയായിരുന്നു. സംഘം കുറ്റം നിഷേധിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ സംഘം മരണത്തിനു കീഴടങ്ങി. ഈ ഭാഗത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാകുന്നതായി ഗ്രാമവാസികൾക്ക് പരാതിയുണ്ടായിരുന്നു.