ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെള്ളക്കാരായ ബ്രിട്ടീഷ് വംശജരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് ഡേറ്റാ യുകെയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാനും അതുകൂടാതെ കോവിഡിനെ തുടർന്ന് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് പഠനം കാണിക്കുന്നത്.
വെള്ളക്കാരായ ബ്രിട്ടീഷുകാരിൽ 40 ശതമാനം പേർക്ക് മാത്രമേ കോവിഡ് വാക്സിൻ ലഭിക്കാതെയുള്ളൂ. എന്നാൽ വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരിൽ 80 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള 67 ദശലക്ഷം ആളുകളുടെ ഡേറ്റാ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവന്നത് എന്ന് എച്ച്ഡിആർ യുകെയിലെയും കേംബ്രിഡ്ജ് സർവകലാശാലയിലെയും പ്രൊഫസർ ആഞ്ചല വുഡ് പറഞ്ഞു.
80% വാക്സിനേഷൻ കുറവുള്ളവരിൽ കറുത്ത ആഫ്രിക്കൻ, കറുത്ത കരീബിയൻ, ഏഷ്യൻ പാകിസ്ഥാൻ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഏഷ്യൻ ചൈനീസ്, ഏഷ്യൻ ഇന്ത്യൻ ഗ്രൂപ്പുകളിലുള്ളവർ ഉൾപ്പെടെയുള്ളവർ 60% വാക്സിനേഷൻ എടുത്തിട്ടില്ല. ഒരു വ്യക്തി അവരുടെ പ്രായക്കാർക്കായി ശുപാർശ ചെയ്തിരിക്കുന്ന ഏതെങ്കിലും കോവിഡ് ജാബുകൾ എടുത്തില്ലെങ്കിൽ വാക്സിൻ എടുക്കാത്തതായാണ് കണക്കാക്കപ്പെടുന്നത്. ശീതകാലം ആസന്നമായ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത വളരെ ഗുരുതരമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. കെയർ ഹോമുകളിലെ താമസക്കാരും 65 വയസ്സിനു മുകളിലുള്ളവരെയും പോലുള്ള യോഗ്യരായ വ്യക്തികൾക്ക് ഡോക്ടർമാരും ഫാർമസികളും കോവിഡ് ജാബുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾക്ക് കോവിഡിനെതിരെ സംരക്ഷണം ഇല്ലെന്ന കണ്ടെത്തൽ ആരോഗ്യ വിദഗ്ദ്ധർക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.
Leave a Reply