ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പം അപ്രതീക്ഷിതമായി 2.5 ശതമാനമായി കുറഞ്ഞു. നേരത്തെ 2.6 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് 0.1 ശതമാനം കുറഞ്ഞത്. പ്രതീക്ഷിച്ചതിലും മികച്ച പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
അധികാരമേറ്റെടുത്ത് 6 മാസങ്ങൾക്ക് ശേഷം ജനപ്രീതിയിൽ വൻ ഇടിവാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തിൽ വന്ന കുറവ് സർക്കാരിന് പ്രത്യേകിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് ആശ്വാസം പകരുന്ന വാർത്തയാണ് . ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരുന്നത്. ഇതിനെ തുടർന്ന് ചാൻസിലറിൻ്റെ രാജിക്കായുള്ള മുറവിളികൾ ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ പണപ്പെരുപ്പം വീണ്ടും വർദ്ധിക്കുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ശക്തമായിട്ടുണ്ട്. തൊഴിലുടമകൾ അടയ്ക്കുന്ന നാഷണൽ ഇൻഷുറൻസിലെ വർദ്ധനവും ഏപ്രിൽ മാസം മുതൽ മിനിമം വേതനത്തിൽ 6.7 ശതമാനം ഉയരുന്നതും പണപ്പെരുപ്പം വീണ്ടും കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
രൂപയുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ വില ഇന്നലെ 105.77 ആയിരുന്നു. 104.99 ആയിരുന്നു കഴിഞ്ഞവർഷം ഇതേ ദിവസം പൗണ്ടിന്റെ വിനിമയ നിരക്ക്. സെപ്റ്റംബറിൽ മാസത്തിൽ പൗണ്ട് കുതിച്ചുയർന്നത് 112 ന് മുകളിൽ എത്തിയിരുന്നു. പണപ്പെരുപ്പം കുറയുന്നതും യുകെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതും പൗണ്ടിന്റെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നത്തിന് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply