ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ സോമർസെറ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ചില വീടുകൾ ഒഴിപ്പിക്കേണ്ടിവന്നു. കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുതെന്ന് ജനങ്ങളോട് അധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾകൊണ്ട് പല സ്ഥലങ്ങളിലും രണ്ടാഴ്ച ലഭിക്കേണ്ട മഴ ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച മാത്രം സോമർസെറ്റിലെ യോവിൽട്ടണിൽ 35.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. മെയ് മാസം ലഭിക്കുന്ന ശരാശരി മഴയുടെ തോത് 62.5 മില്ലീമീറ്റർ ആയിരിക്കെയാണ് ഇത്. വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി സോമർസെറ്റ് കൗൺസിൽ മാർസ്റ്റൺ മാഗ്നയിൽ ഒരു വിശ്രമ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിലും മഴമൂലം സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഡെവോണിൽ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹെർട്ട്ഫോർഡ്ഷയർ, നോർത്താംപ്ടൺഷയർ, എസെക്‌സ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടായിരിക്കും തീവ്രമായ മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.
Leave a Reply