യു എൻ എഫും ശ്രീ തമ്പി ജോസും

യു എൻ എഫും ശ്രീ തമ്പി ജോസും
February 01 09:32 2020 Print This Article

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ തമ്പി ജോസ്. ലിവർപൂളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അതിൻറെ ലീഗൽ സെല്ലിന്റെ ചെയർമാനായി നിയമിതനായ നാൾമുതൽ നഴ്സുമാരെ ബാധിക്കുന്ന നിയമപ്രശ്നങ്ങൾ വസ്തുനിഷ്ടമായും ആധികാരികമായും അനുഭവങ്ങളുടെയും കേസുകളുടെയും പിൻബലത്തിൽ അവതരിപ്പിച്ച് യുകെയിലെ എല്ലായിടത്തും നിന്നുമുള്ള അനേകം നഴ്സുമാർക്ക് വെളിച്ചം വീശിയിട്ടുണ്ടദ്ദേഹം. യു എൻ എഫ് സംഘടിപ്പിച്ച എല്ലാ ട്രെയിനിങ് കരിയർ സെമിനാറുകളിലും എന്നും ഒരു നിറസാന്നിദധ്യമായിരുന്നു- ഒരുപ്രതിഫലവും പ്രതീക്ഷിക്കാതെ സ്വന്തം സമയവും അർത്ഥവും ചെലവഴിച്ച് എത്രയോ പ്രശ്നങ്ങളിൽപ്പെട്ട നഴ്സുമാർക്ക് അത്താണിയും ആശ്വാസവും ആയിരിക്കുന്നു. എൻഎംസി ലണ്ടനിലും കാർഡിഭിലും ആയി ഒരാഴ്ച വരെ നീളുന്ന ഹിയറിങ്ങുകൾക്ക് പോലും പോകുമ്പോൾ മനസ്സിലാക്കാൻ വിഷമം തോന്നുന്ന ഒരു പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഒരു വ്യക്തി എന്ന നിലയിൽ യുകെയിലെ മലയാളി നഴ്സുമാർക്ക് ഏറ്റവും സഹായം നൽകിയത് ശ്രീ തമ്പി ജോസ് ആണെന്ന ഒരു തിരിച്ചറിവാണ് ഈ സന്ദർഭത്തിൽ യു എൻ എഭിൻറെ അകമഴിഞ്ഞ പ്രശംസ അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.

രണ്ടായിരാമാണ്ട് തുടക്കത്തിൽ ലിവർപൂളിൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത ലിവർപൂൾ മലയാളികൾക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു ശ്രീ തബ്ബി ജോസ്. ഇന്നത് ആളുകൾക്ക് അംഗീകരിക്കുവാൻ വിഷമമുണ്ട് എന്നത് വിധിവൈപരീത്യം. ഭാഷയുടെയും സംസ്കാരത്തെയും പരിചയത്തിന്റെയും മുൻപിൽ പകച്ചു നിന്ന ഒരു ചിതറിയ സമൂഹത്തെ ഒന്നിച്ചു കൂട്ടാനും അവരുടേതായ സാന്നിധ്യവും ഐഡൻറിറ്റിയ്യും സൃഷ്ടിക്കുവാൻ തമ്പി നൽകിയ നേതൃത്വം അനന്യമാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ലിവർപൂൾ കേരള കാത്തലിക് സൊസൈറ്റി (LKCS) 2003ൽ രൂപംകൊണ്ടത്. ഒരുപക്ഷേ യുകെയിലെ ആദ്യത്തെ കുടിയേറ്റ മലയാളി കത്തോലിക്കാ സംഘടിത സംവിധാനമായിരുന്നിരിക്കാം അത്. ആദ്ധ്യാത്മിക മേഖലയിൽ അത് നൽകിയ സംഭാവനകൾ പോലെ തന്നെയാണ് മലയാളി സമൂഹത്തിന് അത് നൽകിയ സമൂഹാധിഷ്ഠിതമായ സംഭാവനകൾ. സോഷ്യൽ ഇൻറഗ്രേഷനും തദ്ദേശീയ ശ്രേണികളിലുള്ളവരുമായുള്ള ഇഴയടുപ്പവും അത് നൽകിയ സംവിധാനങ്ങളും ദിവ്യബലിയും മറ്റു ദൈവികാരാധനകളും മതബോധന ക്ലാസ്സുകളും മറ്റും മുറതെറ്റാതെ നടത്തുമ്പോൾ തന്നെ മതവിഭാഗങ്ങളുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് അത് മറിച്ചുള്ള ഒരു അനുഭവ യാഥാർത്ഥ്യവും. അദ്ദേഹം ഒരു മതവാദി ആയിരുന്നില്ല എന്നാൽ ആദ്ധ്യാത്മികതയിൽ നിലപാടുകൾ ഉണ്ടായിരുന്നു.

2003 ഓഗസ്റ്റ് പതിമൂന്നാം തീയതി ലിവർപൂൾ കാത്തീഡ്രലിൽ ഇംഗ്ലീഷുകാർക്കായി ബഹു: നായ്ക്കംപറമ്പിൽ അച്ഛൻറെ ഏകദിന ധ്യാനത്തിന് 3500 പരം വെള്ളക്കാർക്ക് പങ്കെടുക്കുവാൻ അവസരം ഉണ്ടാക്കുവാൻ അദ്ദേഹത്തിൻറെ ദൈവ സന്നിവേശമായ ഒരു ചരിത്രനിയോഗം ആയിരുന്നു. ഒരു കുടിയേറ്റ സമൂഹത്തെക്കുറിച്ചുള്ള തദ്ദേശീയ ധാരണയിൽ കാതലായ മാറ്റം വരുത്തിയ ഒരു നാഴികക്കല്ലാണ് ഈ ആധ്യാത്മിക സംഭവം.

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് അറിയപ്പെടുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ്. ഒന്നര പതിറ്റാണ്ടുകൾക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡന്റ് ആയി തുടക്കം കുറിച്ച ലിംക ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ മുഖമുദ്ര ആയി മാറികഴിഞ്ഞു . ഒന്നര പതിറ്റാണ്ടായി എല്ലാ വർഷവും നവംബർ മാസത്തിൽ ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു. ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് ശ്രീ തമ്പി ജോസ് ആയിരുന്നു . ലിംക നടത്തുന്ന മലയാളം സ്കൂളും അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറിയും ലിവർപൂളിലെ ഇളം തലമുറയെ മലയാള ഭാഷയുമായുള്ള ബന്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. നിലവിൽ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിൻറെ പ്രാവീണ്യം ഏറ്റവും പ്രയോജനം ചെയ്തത് അദ്ദേഹത്തിനോ കുടുംബത്തിനോ ആല്ല മറിച്ച് സമൂഹത്തിനാണ്. എൻ എം സിയിലും സോഷ്യൽ സർവീസ് മേഖലകളിലും പോലീസ് സംബന്ധമായ വിഷയങ്ങളിലും ഇടപെടലുകൾ മറ്റുള്ളവർക്കുവേണ്ടി നടത്തുമ്പോൾ ഒക്കെ പ്രയോജനം ലഭിച്ചത് സമൂഹത്തിനാണ്. തൊഴിൽ മേഖലകളിൽ ഉന്നതിക്കുവേണ്ടി തയ്യാറാക്കുന്ന പ്രബന്ധങ്ങൾ, വിദ്യാർത്ഥികൾക്ക് വേണ്ട കരിയർ ഗൈഡൻസ് തുടങ്ങിയ സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലെല്ലാം ഈ ഭാഷാനൈപുണ്യം ലാഭേച്ഛകൂടാതെ പ്രയോജനകരമായിട്ടുണ്ട്.

പാലാ സെൻറ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 1963ൽ തുടങ്ങിയ അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യാത്ര അവിടുന്ന് ലഭിച്ച ആദ്യ സ്വർണമെഡലിൽ തുടങ്ങി, പാലാ സെൻറ് തോമസ് കോളേജിൽ ഡിഗ്രിയിൽ എത്തി, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്ററിൽ നിന്നും എക്കണോമിക്സിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി, തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ നിയമ പഠനത്തിലൂടെ കടന്നു ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റിയിൽനിന്ന് എം പി എയിൽ എത്തി നിൽക്കുന്ന വിദ്യാഭ്യാസ മികവ് പ്രശംസനീയം തന്നെ. ആ ലഭിച്ച അറിവുകളും കഴിവുകളും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നതിലപ്പുറവും സമൂഹത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് പറയുമ്പോഴാണ് കർമ്മശ്രേഷ്ഠം എന്ന പദവി അന്വർത്ഥമാകുന്നത്.

ഒരു വിളിപ്പുറത്തിനിപ്പുറം ഏത് ആവശ്യത്തിനും ഒരു സഹായ ഹസ്തം ആയി അദ്ദേഹം വിനയാന്വിതനായി നിലകൊണ്ടത് അദ്ദേഹത്തിൻറെ മൂല്യം കുറച്ചു കാണുവാൻ ഇടയായിട്ടുണ്ട്. നാട്ടിൽ നിന്നും പ്രഗൽഭരായ അന്തരിച്ച ജി കാർത്തികേയനും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവിയും, സാഹിത്യകാരൻമാരായ ജോർജ് ഓണക്കൂറും, സക്കറിയയും മുൻ എംഎൽഎ ഇ എം ആഗസ്തിയും മുൻ എംപി തലേക്കുന്നിൽ ബഷീർ തുടങ്ങിയ അതി പ്രശസ്തർ യുകെയിൽ എത്തിയപ്പോഴാണ് നമ്മൾ തിരിച്ചറിയാതിരുന്ന നമ്മുടെ തമ്പി ജോസഫിൻറെ ഒരു വ്യക്തിത്വം മനസ്സിലാക്കുന്നത്.

വിദ്യാർത്ഥി യൂണിയൻ യുവജന നേതാവായി എണ്ണം പറഞ്ഞ ഒരാളായി തിളങ്ങി നിന്നപ്പോഴും പഠന മേഖലയിൽ അങ്ങേയറ്റം അംഗീകരിക്കപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരം സർക്കിളിൽ വളരെ പ്രതീക്ഷയോടെ ഒരു ഭാവി തമ്പി ജോസിൽ ഗുരുക്കന്മാർ കണ്ടിരുന്നു. ഡോക്ടർ സി രാധാകൃഷ്ണൻ ഫൗണ്ടേഷൻ എന്ന ഗവേഷണ സ്ഥാപനത്തിൻറെ സ്ഥാപക സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഇന്ന് ലോകമൊന്നാകെ വിളിച്ചുപറയുന്ന ഗ്രീൻ വേൾഡിന്റെ പ്രസക്തി കാലേക്കൂട്ടി തിരിച്ചറിഞ്ഞ് തിരുവനന്തപുരം ആസ്ഥാനമാക്കി മാൻ ആൻഡ് നേച്ചർ എന്ന പഠന കേന്ദ്രം കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ടർ നന്ദകുമാറിനോടൊപ്പം ആരംഭിച്ച ഒരു ക്രാന്തദർശി ആയിരുന്നു അദ്ദേഹം. യുകെയിലേക്ക് കുടിയേറുന്ന 2002 വരെ ആ സ്ഥാപനത്തിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

കർമ്മ ശ്രേഷ്ഠ എന്ന ഈ പുരസ്കാരം അദ്ദേഹത്തിനു വളരെ വളരെ വൈകി വന്ന ഒരു അംഗീകാരമാണ്. അതിൻറെ അർഹത സംശയരഹിതവും. ഏത് പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സമൂഹത്തിൻറെ സ്ഥായിയായ നന്മയ്ക്ക് പ്രേരകം ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം യുകെ മലയാളി സമൂഹത്തിൽ ഒരു മുതൽക്കൂട്ടാണ്.

കോട്ടയം ജില്ലയിലെ പാല കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് മേഴ്‌സി റെയിലിൽ ഓഫീസറായി ജോലി നോക്കുന്നു. ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ശ്രീമതി ആനി ജോസഫാണ് ഭാര്യ. ലണ്ടൻ കിംഗ്സ് കോളേജിൽ മെഡിസിന് പഠിക്കുന്ന നയൻ തമ്പി മകളും ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന അതുൽ തമ്പി മകനുമാണ്. അചഞ്ചലമായ ആയ ഈ സൽപ്രവർത്തിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന കുടുംബാംഗങ്ങൾക്ക് യു കെ മലയാളികളുടെ പ്രണാമം.

യു എൻ എഫ് അദ്ദേഹത്തിൻറെ നിസ്സീമമായ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയും നന്മകൾ നേരുകയും ചെയ്യുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ അംഗീകരിക്കുവാനും ആദരിക്കുവാനും കാണിച്ച ആർജ്ജവത്തിന് യുക്മയെ അഭിനന്ദിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles