ഡോ. വർഗീസ് കെ. ചെറിയാൻ , എം ജി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നാം അഭിമുഖികരിക്കാൻ പോകുന്നത്. പ്രധാനമായും ഒരു പക്ഷത്ത് ബി.ജെ.പി നയിക്കുന്ന എൻ. ഡി. എ മുന്നണിയും മറു പക്ഷത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ കേരളത്തിൽ കോൺഗ്രസിനെതിരെ പോരാടുമ്പോഴും വിശാലാടിസ്ഥാനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ് ഭാഗമായിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പ്രാദേശിക തലത്തിലും ദേശിയ തലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും വിശദീകരിക്കാൻ പറ്റാത്ത തരത്തിലുള്ള വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കേണ്ട സാഹചര്യമാണ് അതുകൊണ്ട് തന്നെ സി. പി. എം, സി. പി. ഐ, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നേരിടേണ്ടി വരുന്നത്. കേരളത്തിൽ സുശക്തമായ ജനകീയ അടിത്തറ ഉണ്ടെങ്കിലും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടി വരുന്നതിന്റെ ജീവൻ മരണ പോരാട്ടം ആണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ പാർട്ടികളായസി. പി. എം, സി പി. ഐ എന്നീ പാർട്ടികൾ നേരിടുന്നത്.
ഭൂരിപക്ഷ ആളുകളും തൊഴിലാളികളായ നമ്മുടെ രാജ്യത്ത് ഒരു തൊഴിലാളി വർഗ പാർട്ടിയായ സി പി. എം ന് എന്തുകൊണ്ട് വേരോട്ടം ശക്തമാക്കാൻ സാധിച്ചില്ല എന്ന സാഹചര്യം നമ്മൾ പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ ജനതയുടെ സാംസ്കാരിക,ഭാഷ,പ്രാദേശിക വൈവിധ്യങ്ങൾ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നുവരുന്നതിന് വെല്ലുവിളി ഉയർത്തിയതായി കണക്കാക്കാം. ജന്മി കുടിയാൻ വ്യവസ്ഥയിൽ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളും തൊഴിലാളി പ്രസ്ഥാങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും അഭാവവും കമ്മ്യൂണിസത്തിനുള്ള അടിത്തറ രാജ്യത്ത് വേരോടുന്നതിന് തടസമായി നിന്നതായി കാണാം. മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്ന ഭിന്നമായ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരു ഏകികൃതമായ നേതൃത്വവും ഇല്ലാതിരുന്നതും മാർക്സിസ്റ്റ് ആശയങ്ങൾ രാജ്യം ഒട്ടാകെ സ്വീകാര്യത ലഭിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ സുവർണ കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വവും അവരുടെ സ്വാധീനവും മറ്റു പാർട്ടികൾ വളർന്നു വരുന്നതിന് ഒരു പരിധിവരെ തടസമായിട്ടുണ്ട്. കോൺഗ്രസ് ദുർബലമായപ്പോൾ ഇടത് പക്ഷ പാർട്ടികൾ ശക്തി പ്രാപിക്കാതിരിക്കുവാൻ അത്തരം സ്ഥലങ്ങളിൽ വർഗീയ, പ്രാദേശിക കാഴ്ചപ്പാടുകളുള്ള പല പാർട്ടികളും ഉയർന്ന് വന്നതിന്റെ നേർ കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.
ഇ. എം. എസ് ഉൾപ്പെടെയുള്ള താത്വിക ആചാര്യന്മാർ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി പാർട്ടിയുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതിനു സമ്മതിച്ചിരുന്നില്ല. മറ്റുള്ള പാർട്ടികൾ പ്രാദേശിക സ്വാർത്ഥ വർഗീയ താല്പര്യങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചപ്പോൾ തത്വാധിഷ്ഠിത നിലപാടിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി. ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെയും ജാതിമതങ്ങളുടെയും അഭിലാഷങ്ങളെയും ആശങ്കകളെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടത് പല സ്ഥലങ്ങളിലും അവരുടെ സ്വാധീനത്തെ ദുർബലപ്പെടുത്തി. ആഴത്തിൽ വേരോടിയ ജാതി വ്യവസ്ഥയും സാമൂഹിക വിഭജനവും വർഗസമരത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തി.
രണ്ട് പാർട്ടികളായി വേർപിരിഞ്ഞ സി. പി എം ഉം സി. പി. ഐ. ഉം ഒന്നാകാനുള്ള നിർദേശം പലപ്പോഴും ഉയർന്ന് വന്നിരുന്നു. ഈ നിർദ്ദേശം പതിറ്റാണ്ടുകളായി ഉണ്ടെങ്കിലും ആശയപരവും സംഘടനാപരവുമായ ഭിന്നതകൾ കാരണം യാഥാർത്ഥ്യമായില്ല. ഒരുപക്ഷേ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷ മനോഭാവമുള്ള മറ്റു പാർട്ടികളും ഒന്നിക്കുന്ന സാഹചര്യം ഉണ്ടായാൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വർഗീയ പാർട്ടികളുടെയും ശക്തമായ സ്വാധീന വലയത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്രയിക്കാൻ പറ്റുന്ന ഒരു പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉയരുവാൻ കഴിഞ്ഞേനെ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യം അർഹിക്കുന്നത് പല രീതിയിലാണ്. ഇടത് പക്ഷ പാർട്ടികളുടെ പരാജയം പലപ്പോഴും പ്രാദേശിക മത വർഗീയ കോഓപ്പറേറ്റ് സ്വാധീനമുള്ള പാർട്ടികളുട വളർച്ചയ്ക്ക് കാരണം ആയേക്കും. ഇത് ഭൂരിപക്ഷ മധ്യവർഗ ജനതയുടെ താല്പര്യ സംരക്ഷണത്തിന് അനുകൂലമല്ലാത്ത ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുവാനുള്ള സാധ്യത ഒട്ടേറെയാണ്. അതുകൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം സങ്കുചിത മനോഭാവം ഇല്ലാത്ത സ്ഥാനാർഥികൾക്കായിവോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർന്ന് വരുന്നത്.
ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പലതും ഇടത് പക്ഷ പാർട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ നേടിയെടുക്കേണ്ടതുണ്ട്. 1964 ൽ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ് പാർട്ടിയോടുള്ള നിലപാടും കാരണമാണ് ഇടതുപക്ഷ പാർട്ടികളിൽ വിള്ളൽ സംഭവിച്ചത്. അതിനുശേഷം 1980-കളിൽ പുനരേകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഈ വിഷയത്തിൽ കൊണ്ടുവരാൻ ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി ആയി അംഗീകരിക്കണമെങ്കിൽ ഒരു സംസ്ഥാന പാർട്ടിയായി നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ മൊത്തം വോട്ടിൻ്റെ 6% എങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ നേടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് എംപിമാരെങ്കിലും വിജയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ലോക് സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സഖാവ് എ. കെ. ജി ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക കക്ഷി ആയിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തി ശോഷണത്തിന്റെ പ്രധാന കാരണം ഇടത് പക്ഷ ചിന്താഗതിയുള്ളവർ സി. പി. ഐ, സി. പി. എം., ആർ. എസ്. പി, ആർ. എസ്. പി (ലെനിനിസ്റ്റ് ), സി. പി. ഐ. (എം. എൽ ), തുടങ്ങിയ പാർട്ടികളായി വിഭജിച്ചതാണ്. ഒന്നിച്ചു നിന്നിരുന്നെങ്കിൽ വലതുപക്ഷ വർഗീയ മേൽകോയ്മയ്‌ക്കെതിരെ ഏറ്റവും ശക്തമായ ശബ്ദമാകാൻ കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ് അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നോക്കികാണുമ്പോൾ ഒരു ദേശീയ പാർട്ടിയായി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഏറി വരികയാണ്. സി. പി. എം പോലുള്ള ദേശീയ പാർട്ടികളുടെ ശോഷണം വഴി വയ്ക്കുന്നത് രാജ്യ താല്പര്യങ്ങൾക്കനുസരിച്ച് വികസനത്തിനുവേണ്ടിയും ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുവാനുമായുള്ള മുന്നേറ്റങ്ങളുടെ ശക്തിക്ഷയം ആണ് . പ്രാദേശിക തലത്തിലുള്ള പാർട്ടികളുടെ വളർച്ചയും ഇതിന്റെ ഉപോൽപ്പന്നം ആണ്. പലപ്പോഴും പ്രാദേശിക സാമൂഹിക താല്പര്യങ്ങൾക്കപ്പുറം രാജ്യത്തിന്റെ പൊതു നിലപാടുകളെ വളർത്തി കൊണ്ടു വരാൻ പ്രാദേശിക പാർട്ടികൾക്കു കഴിയാറില്ല. ഈ സാഹചര്യമൊക്കെയാണ് ഒരു ദേശീയ പാർട്ടി ആയി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നത് .
Leave a Reply