രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്; നിര്‍മല സീതാരാമന് മുന്നില്‍ പ്രതീക്ഷകളും വെല്ലുവിളികളും

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്; നിര്‍മല സീതാരാമന് മുന്നില്‍ പ്രതീക്ഷകളും വെല്ലുവിളികളും
July 05 04:22 2019 Print This Article

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ.

അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.

നിര്‍മ്മല സീതാരാമന്‍റെ മുന്നില്‍ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണ്.

പിയൂഷ് ഗോയൽ അവതരിപ്പിച്ച ഫെബ്രുവരിയിലെ എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യവർഗത്തെ ആകർഷിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു. കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു.

സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.

വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ല. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇല്ല എന്ന നിർദ്ദേശം തുടരുമെന്ന് പ്രതീക്ഷിക്കാം. ആദായനികുതിക്കുള്ള പരിധി രണ്ടരയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം, ഭവനവായ്പാ പലിശയ്ക്ക് കൂടുതൽ ആനുകൂല്യം നല്‍കണം എന്ന ആവശ്യവും ശക്തമാണ്.

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles