ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ ‘കേരള’ എന്നായി രേഖപ്പെടുത്തിയിരിക്കുന്ന പേര് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക.
സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക ഭാഷകളിലും ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ആവശ്യമായ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം.
ഇതിന് മുമ്പ് 2023 ഓഗസ്റ്റിലും സമാന പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം പരിഷ്കരിച്ച പ്രമേയം വീണ്ടും അയച്ചതോടെയാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഭരണഘടന ഭേദഗതി പ്രക്രിയ പൂർത്തിയായാൽ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ ആവും.











Leave a Reply