കോഴിക്കോട്: ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ട കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ സമരവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 7500 രൂപ മാത്രം ശമ്പളം നല്‍കി ജോലിക്കെടുത്ത ജൂനിയര്‍ നഴ്‌സുമാരെ യാതൊരു കാരണവും ബോധിപ്പിക്കാതെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. ഏഴ് പേരെയാണ് പിരിച്ചുവിട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച 40 നഴ്സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറഞ്ഞ വേതനം നല്‍കി ബേബി മോമ്മോറിയല്‍ ആശുപത്രി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മിനിമം വേതനം നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രി മാനേജ്‌മെന്റുകളില്‍ ഒന്നാണ് ബേബി. ജൂനിയര്‍ നഴ്‌സുമാരായി നിയമിതരായ 7 പേരെ ആശുപത്രി നേരത്തെ പിരിച്ചുവിട്ടിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാതോടെ 5 പേരെ തിരിച്ചെടുക്കുകയും രണ്ട് പേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്നീട് വീണ്ടും പിരിച്ചുവിടുകയായിരുന്നു.
അതേസമയം ഒഴിവാക്കിയ നഴ്‌സുമാരെ ട്രെയിനിംഗ് അടിസ്ഥാനത്തിലാണ് ജോലിയിലെടുത്തതെന്നും ഇത്തരം പിരിച്ചുവിടല്‍ സ്വഭാവിക നടപടി മാത്രമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. പിരിച്ചുവിട്ട ഏഴ് പേരെയും തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രി സംതഭിപ്പിക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്. പ്രതിഷേധ നടപടികള്‍ ശക്തമാക്കും. നിലവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിനായി പ്രതിഷേധകരെ മാനേജ്‌മെന്റ് ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ച നടക്കുന്ന സമയത്ത് പ്രത്യക്ഷ സമരം ഒഴിവാക്കുമെന്നും എന്നാല്‍ നിസഹകരണ പരിപാടികള്‍ തുടരുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിക്ക് സമര പ്രവര്‍ത്തകരും മാനേജ്‌മെന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. പിരിച്ചുിവിട്ടവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടായിരിക്കും മാനേജ്‌മെന്റ് എടുക്കുക. അങ്ങനെയാകുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകും. കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയല്‍. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ നൂറുകണക്കിന് രോഗികളെ ഇത് സാരമായി ബാധിക്കും.
Leave a Reply