അഗളി /കൽക്കട്ട :വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓർമ്മകൾ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളിൽ നാലായിരത്തിലധികം വിശുദ്ധ കുർബാനകളിൽ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി സെന്റ് തോമസ് ആശ്രമ അംഗം സച്ചുവിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാർശ.
സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനും ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനി വർഗ്ഗീസ് മാവേലിക്കര നല്കിയ നോമിനേഷൻ പ്രകാരം അഭി.ഫാദർ.എം.ഡി.യൂഹാനോൻ റമ്പാൻ സമർപ്പിച്ച വിശദമായ രേഖകൾ പരിശോധിച്ചാണ് സച്ചുവിനെ ശിപാർശ ചെയ്തത്.
ഡോ. ജോൺസൺ വി.ഇടിക്കുള നാഷണൽ ജൂറിയായതിന് ശേഷമുള്ള ആദ്യ ശിപാർശയാണ് സച്ചുവിന്റെതെന്നും അർഹതയ്ക്കുള്ള അംഗികാരമാണ് സച്ചുവിനുള്ള ശിപാർശയെന്നും യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, സി.ഇ.എ :ഡോ സൗദീപ് ചാറ്റർജി എന്നിവർ പറഞ്ഞു.
സച്ചുവിന്റെ മാതാപിതാക്കൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.ഏലമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകങ്ങൾ ആയിരുന്നു സച്ചുവിന്റെയും സ്നേഹയുടെയും മാതാപിതാകക്കളായ ബിനുവും ഷീജയും.ഇവർക്ക് ആദ്യ കൺമണിയായി പിറന്ന പെൺകുഞ്ഞിന് ആറ് മാസം പ്രായമായപ്പോൾ ആണ് കുഞ്ഞിന്റെ ജന്മ വൈകല്യം ഇവർ തിരിച്ചറിഞ്ഞത്. മകൾക്ക് കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടാവണമെന്ന അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചികിത്സക്കു വേണ്ട പണം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ആയിരുന്നു സച്ചുവിന്റെ ജനനം.എന്നാൽ സച്ചുവും മൂത്ത മകളെ പോലെ കേൾവിയുടെയും സംസാരത്തിന്റെയും വാതായനത്തിന് പുറത്താണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. വിധി അവരെ ഇരുവരെയും മാനസീകമായി തളർത്തിയത് മൂലം പുനർചിന്തനത്തിന് തയ്യാർ ആകാതെ ഈ പിഞ്ചോമനകളെ തനിച്ചാക്കി ബിനുവും ഷീജയും 2003-ൽ ആത്മഹത്യ ചെയ്തു. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ തിരിച്ചറിയാൻ പ്രാപ്തി ഇല്ലാതിരുന്ന കുരുന്നുകളുടെ സംരക്ഷണം ആശ്രമം ഏറ്റെടുക്കുവായിരുന്നു. ആശ്രമ അധികൃതരുടെ കഠിനമായ പരിശ്രമത്തിന്റെയും സുമനസുകളായവരുടെ സഹായം കൊണ്ടും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും കൂടി ആയപ്പോൾ സച്ചുവിനും സഹോദരിക്കും സ്നേഹവും ലാളനയും പരിചരണവും, ചികിത്സയും കിട്ടി. ലക്ഷകണക്കിന് തുക ചിലവഴിച്ച് ഇരുവർക്കും ഡോ.എം.പി. മനോജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നല്കി കേൾവിയുടയുടെയും സംസാരത്തിന്റെയും ശക്തി തിരിച്ചെടുത്തു.
2005 സെപ്റ്റംബർ 23 ന് ആശ്രമത്തിനുള്ളിൽ പുതിയ ചാപ്പൽ കൂദാശ ചെയ്തു. അന്ന് മുതൽ കഴിഞ്ഞ 14 വർഷമായി എല്ലാ ദിവസവും മുടക്കം കൂടാതെ വി.കുർബാന അർപ്പിക്കുന്നുണ്ട്. സച്ചുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മടങ്ങിയെത്തിയപ്പോൾ ആൾത്താര ബാലൻ ആയി ആദ്യം ശുശ്രൂഷ ചെയ്യുവാൻ സച്ചുവിനെ നിയോഗിക്കുകയായിരുന്നു.7 വയസ് മുതൽ എല്ലാ ദിവസവും കുർബാനയ്ക്ക് നേതൃത്വം കൊടുത്തു വരികയും ചെയ്യുന്നു. അട്ടപ്പാടി സെന്റ് ജംസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചു. സച്ചുവിന്റെ സഹോദരി ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ ഡിപ്ലോമാ കോഴ്സ് പഠിക്കുന്നു.
സച്ചുവിനെ കുറിച്ച് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിലേക്ക് ലഭിച്ച ഈ പരാമർശം ആശ്രമത്തിന് ലഭിച്ച ഓണ സമ്മാനമായി കാണുന്നതെന്ന് ആശ്രമം അധികൃതരായ അഭി.ഫാദർ എം.ഡി. യൂഹാനോൻ റമ്പാൻ ,ഫാദർ.എസ്.പോൾ റമ്പാൻ, ഫാ.വർഗ്ഗീസ് ജോസഫ്, ഫാദർ വർഗ്ഗീസ് മാത്യൂ എന്നിവർ പറഞ്ഞു.
Leave a Reply