ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെൽഫാസ്റ്റ്∙ ചൈനയുമായുള്ള ചില ഗവേഷണ സഹകരണങ്ങളും പങ്കാളിത്തങ്ങളും പുനഃപരിശോധിക്കാൻ ബെൽഫാസ്റ്റിലെ ക്വീൻസ് സർവകലാശാല ജീവനക്കാർക്ക് നിർദേശം നൽകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ചൈനീസ് ജനറൽ ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സിജിടിആർഐ) നിലവിലുള്ളതോ ആസൂത്രണം ചെയ്യുന്നതോ ആയ സഹകരണങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് ജീവനക്കാർക്ക് നൽകിയ നിർദേശം. ചൈനീസ് സ്ഥാപനങ്ങളുമായി സഹകരിക്കുന്ന ബ്രിട്ടനിലെ സർവകലാശാലകൾക്ക് എംഐ5 നൽകിയ അസാധാരണ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ഗവേഷണ സഹകരണങ്ങളുടെ യഥാർഥ ധനസ്രോതസ്സ് കണ്ടെത്തുന്നതിനായി കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനീസ് ജനറൽ ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൈനീസ് രഹസ്യാന്വേഷണ, സുരക്ഷാ സംവിധാനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു മുന്നണി സ്ഥാപനമാണെന്നാണ് എംഐ5യുടെ ആരോപണം. ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി സ്ഥാപനത്തിന് ശക്തമായ ബന്ധമുണ്ടെന്നും എംഐ5 വ്യക്തമാക്കി. നൂറിലേറെ ബ്രിട്ടനുമായി ബന്ധമുള്ള അക്കാദമിക് വിദഗ്ധർ സിജിടിആർഐ വഴി ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ധനസഹായം നൽകിയ ഗവേഷണ പദ്ധതികളിൽ പങ്കെടുത്തതായി എംഐ5 കണ്ടെത്തിയിട്ടുണ്ട്. ചില ഗവേഷകർ പദ്ധതിക്ക് പിന്നിലെ സ്ഥാപനത്തിന്റെ യഥാർഥ പങ്കിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ലെന്നും എംഐ5 പറഞ്ഞു. നിർമിതബുദ്ധി, സൈബർ സുരക്ഷ, രഹസ്യ ആശയവിനിമയ സംവിധാനങ്ങൾ, രഹസ്യ സന്ദേശങ്ങൾ സാധാരണ സന്ദേശങ്ങളിലോ വസ്തുക്കളിലോ ഒളിപ്പിക്കുന്ന സ്റ്റെഗനോഗ്രഫി തുടങ്ങിയ മേഖലകളിലാണ് ഇത്തരം ഗവേഷണങ്ങൾ നടന്നത്.

സിജിടിആർഐയുമായുള്ള ബന്ധം തുടരുന്ന അക്കാദമിക് വിദഗ്ധർക്ക് വിദേശരാജ്യത്തെ സഹായിച്ചതിന്റെ പേരിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരാനുള്ള സാധ്യതയുണ്ടെന്നും എംഐ5 മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള ഗവേഷണ സഹകരണങ്ങളുടെ ധനസ്രോതസ്സ് അടിയന്തിരമായി പരിശോധിക്കാൻ ബ്രിട്ടനിലെ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവേഷണവും ദേശീയ സുരക്ഷയും സംബന്ധിച്ച ഉത്തരവാദിത്തങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്വീൻസ് സർവകലാശാല വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സുസ്ഥിര ഊർജം, വിവരസാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ക്യാൻസർ ഗവേഷണം തുടങ്ങിയ മേഖലകളിൽ ചൈനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് 10 ദശലക്ഷം ഡോളറിലേറെ സർവകലാശാല നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വെബ്സൈറ്റിലെ വിവരങ്ങൾ. അതേസമയം, എംഐ5 പരാമർശിച്ച സ്ഥാപനവുമായി ഗവേഷണ ബന്ധങ്ങളൊന്നുമില്ലെന്ന് അൾസ്റ്റർ സർവകലാശാല അറിയിച്ചു.