ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ വർദ്ധിപ്പിച്ചാലും യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധി മുക്കാൽ ഭാഗത്തോളം സർവകലാശാലകളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക സർവകലാശാലകളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ മുമ്പ് വിചാരിച്ചതിലും മോശമാണെന്ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രശ്നങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് ഓഫീസ് ഫോർ സ്റ്റുഡൻറ് (ഓഫ് എസ് ) പ്രവചിക്കുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്കായി പല കോഴ്സുകളും നിർത്തലാക്കേണ്ടി വന്നേക്കാം. നില നിൽപിനായി പല സർവകലാശാലകളും പരസ്പരം ലയനം നടത്തേണ്ടി വരുന്ന സാഹചര്യങ്ങളും ഉടലെടുക്കാമെന്ന് റെഗുലേറ്ററിൻ്റെ ചെയർമാൻ സർ ഡേവിഡ് ബെഹാൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ സർവകലാശാലകൾക്ക് ദീർഘകാല ധനസഹായവും പരിഷ്കരണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട് . ഇംഗ്ലണ്ടിന്റെ ട്യൂഷൻ ഫീ നിലവിലെ വിദ്യാർത്ഥികൾക്കും പുതിയതായി വരുന്നവർക്കും പ്രതിവർഷം 285 പൗണ്ട് മുതൽ 9535 വരെ ഉയർത്താനായി സർക്കാർ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 2023-24ൽ 40% സർവ്വകലാശാലകളും സാമ്പത്തിക കമ്മിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെഗുലേറ്റർ പറഞ്ഞു . സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല സർവകലാശാലകളും ശമ്പളം കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ സർവകലാശാലകൾ ചെലവ് ചുരുക്കണമെന്ന് ഓഫ് എസ് ചെയർമാൻ സർ ഡേവിഡ് ബെഹൻ അഭിപ്രായപ്പെട്ടു.

ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണത്തിലെ കുറവാണ് സർവകലാശാലകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത്. ഈ വർഷം യുകെയിലേയ്ക്കുള്ള മൊത്തം സ്റ്റുഡൻസിന്റെ വിസകളിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ കുടുംബാംഗങ്ങളെ യുകെയിൽ താമസിക്കാൻ കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി ഋഷി സുനക് സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. കുടുംബാംഗങ്ങളെ കൊണ്ടു വരുവാനുള്ള നിയന്ത്രണമാണ് ഇന്റർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണം ക്രമാതീതമായി കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.