ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏപ്രിൽ 1 മുതൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ 2 ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കാൻ ഇംഗ്ലണ്ടിൽ തീരുമാനമായിരുന്നു . നിയമത്തെ മറികടക്കാൻ വാക്‌സിൻ എടുക്കുന്നതിനെ എതിർക്കുന്ന ജീവനക്കാർ വെയിൽസിലേയ്ക്ക് തങ്ങളുടെ ജോലി സ്ഥലം മാറാനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് . രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നുള്ള നിയമം കർശനമായി നടപ്പിലാക്കാനാണ് ഇംഗ്ലണ്ടിൽ തീരുമാനമായിരിക്കുന്നത്. വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്ത മേഖലകളിലേയ്ക്ക് മാറ്റം നല്കാനും തീരുമാനം ആയിരുന്നു. വാക്‌സിനേഷൻ എടുക്കാതിരിക്കുകയും പുതിയ റോളിലേക്ക് മാറാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.


മുൻ നിര ജീവനക്കാർ ഏപ്രിൽ 1 -ന് മുമ്പ് രണ്ട് ഡോസ് വാക്സിൻ എടുക്കണമെങ്കിൽ ഫെബ്രുവരി 3 -ന് എങ്കിലും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടതായി വരും. എങ്കിലെ നിശ്ചിത ഇടവേളകളോടെ 2 ഡോസ് വാക്‌സിൻ ഏപ്രിൽ 1 -ന് മുമ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നിർബന്ധിത വാക്സിനേഷൻ നിയമം നിലവിൽ വെയിൽസിൽ നടപ്പിലാക്കിയിട്ടില്ല . ഇംഗ്ലണ്ടിലെ നിർബന്ധിത വാക്സിനേഷൻ നയം കാരണം ജോലി ഉപേക്ഷിക്കേണ്ടി വരുന്ന ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെ തള്ളിക്കളയില്ലെന്ന് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ലോകത്തുതന്നെ മുൻ നിര ആരോഗ്യ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൽ ഏറ്റവും വിജയം കണ്ട രാജ്യമായിരുന്നു യുകെ . എന്നിരുന്നാലും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരിൽ ഒരു വിഭാഗം വാക്‌സിനേഷനോട് പുറംതിരിഞ്ഞ് നിന്നത് കടുത്ത വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.