ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഇറക്കി പരീക്ഷണത്തിന് ഒരുങ്ങി ബിജെപി നേതൃത്വം. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നല്‍കണമെന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്. എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊര്‍ണൂരിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരുള്‍പ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചന ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഉണ്ണിയെ വിവിധ പരിപാടികള്‍ക്കായി ബിജെപി ജില്ലയില്‍ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

2014ല്‍ 1,36,000 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2019ല്‍ സി കൃഷ്ണകുമാറിലൂടെ 2,18,000 വോട്ടുകളാണ് ബിജെപി പാലക്കാട് നിന്ന് സ്വന്തമാക്കിയത്. ഏകദേശം ഒരു ലക്ഷം വോട്ടുകളുടെ വര്‍ധനയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇക്കുറി ഉണ്ണി മുകുന്ദനെ പോലെ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ എത്തിച്ച് മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്.